ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി. സമൂഹമാധ്യമങ്ങളിലടക്കം മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കെതിരെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജഡ്ജിയുടെ ക്വാർട്ടേഴ്‌സിൽ എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.
അതേസമയം, രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെയാണ് വധശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം ആയിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
Read Also:നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസ്: മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനു കീഴടങ്ങി