കോട്ടയം: ജോലി നിഷേധിച്ചാൽ ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ കോടതിയിൽ ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങി ഒരു കുടുംബത്തിലെ അഞ്ചുപേർ. കോട്ടയം കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബവുമായി ദയാവധത്തിനുള്ള അനുമതി തേടുന്നത്. ഇവരുടെ ഇളയ മക്കളായ സാൻട്രിൻ, സാന്റിനോ എന്നിവർ അപൂർവ രോഗം ബാധിച്ചവരാണ്.
ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്തിരുന്നവരാണ് സ്മിതയും ഭർത്താവ് മനുവും. കുട്ടികളിൽ അപൂർവരോഗം കണ്ടെത്തിയതിനെത്തുടർന്നു ഇരുവരും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. വീടും സ്ഥലവും പണയം വെച്ച് വായ്പ എടുത്താണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ കുട്ടികളുടെ ചികിത്സയ്ക്കും മറ്റു ജീവിത ചിലവുകൾക്കുമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയതിനെത്തുടർന്നു കൊഴുവനാൽ പഞ്ചായത്തു കമ്മിറ്റി സ്മിതയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചു. എന്നാൽ പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് ജോലി ലഭിക്കുന്നതിനു തടസ്സമാകുകയായിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ജോലി ലഭിച്ചില്ല. ഇതോടെയാണ് കുടുംബം ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങിയത്.