കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം ലഭിച്ചു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ ഏഴു മണിക്കൂറോളം നീണ്ടുനിന്ന സമരം കോൺഗ്രസ്സ് നേതാക്കൾ അവസാനിപ്പിച്ചു. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ രണ്ടു മണിയോടെയാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു.ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയെങ്കിലും പിന്നീട് സിപിഎമ്മിന്റെ ഇടപെടൽ മൂലം ജാമ്യമില്ല വകുപ്പുകൾ ആക്കി മാറ്റിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. പോലീസ് നടപടിക്കെതിരെ ഇന്ന് വിപുലമായ സമരം നടത്തുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചു.
അറസ്റ്റിൽ പ്രതിഷേധിച്ച് ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്അൻവർ സാദത്ത്, ഉമ തോമസ്, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു.