ദില്ലി : കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ നിന്നുള്ള സായി കൃഷ്ണ എന്ന എഞ്ചിനിയറിംങ്ങ് ബിരുദധാരി അറസ്റ്റിൽ. ലോക്സഭാ ഹാളിനുള്ളിൽ ചാടി കയറി പുക ബോംബ് പൊട്ടിച്ച മൈസൂർ സ്വദേശി മനോരജ്ഞന്റെ സുഹൃത്താണ് സായി കൃഷ്ണ. ദില്ലി പോലീസും ഉന്നതരഹസ്യാന്വേഷണ സംഘങ്ങളും ചോദ്യം ചെയ്യലിന് വിധേയമാക്കുന്ന മനോരജ്ഞനിൽ നിന്നും ലഭിച്ച വിവരപ്രകാരമാണ് അറസ്റ്റെന്നാണ് സൂചന. കോളേജിൽ ഇരുവരും ഒരുമുറിയിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. മനോരജ്ഞന്റെ ഡയറിയിൽ സായ് കൃഷ്ണയെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിശദവിവരങ്ങളും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സായ് കൃഷ്ണയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതേ സമയം അറസ്റ്റിനെതിരെ സായിയുടെ മാതാപിതാക്കളും സഹോദരങ്ങളും രംഗത്ത് എത്തി. രണ്ട് ദിവസം മുമ്പേ ദില്ലി പോലീസ് വീട്ടിലെത്തി സഹോദരനെ ചോദ്യം ചെയ്തിരുന്നതായി സഹോദരി പറഞ്ഞു. കുറ്റകരമായി ഒന്നും കണ്ടെത്താനാകാത്തതിനാൽ തിരിച്ച് പോയി. അതിന് ശേഷം വീണ്ടുമെത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കർണാടക പോലീസിലെ മുൻ ഡി.എസ്.പി യാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സായ് കൃഷ്ണയുടെ പിതാവ്.
മനോരജ്ഞന് ഒപ്പം അറസ്റ്റിലായ സാഗർ ശർമ, നീലം ആസാദ്, ലളിത് ഝാ, അൻമോൾ ഷിൻഡേ എന്നിവരെ ഡിസംബർ 13 മുതൽ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇവരുമായി ബന്ധമുള്ള നിരവധി പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിയിലാവുകയോ ചോദ്യം ചെയ്യലിന് വിധേയമാവുകയോ ചെയ്യുന്നുണ്ട്. വലിയ രീതിയിലുള്ള ഗൂഡാലോചന നടന്നുവെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തൽ.
Read Also : ‘പണം ഇല്ലെന്നു പറയരുത്, മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂ’ ; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം