പ്രണയിതാക്കൾ തമ്മിൽ പലപ്പോഴും പൊരുത്തക്കേടുകളും വഴക്കുകളും ഒക്കെ ഉണ്ടാവാറുണ്ട്.
ആക്രമിക്കുന്ന കാമുകി കാമുകന്മാരുടെ വാർത്തകൾ നമ്മൾ ചിലപ്പോളൊക്കെ വാർത്തകളിൽ കാണാറുമുണ്ട്. എന്നാൽ, യു എസിലെ ഫ്ലോറിഡയിൽ കാമുകി കാമുകനോട് വഴക്കിട്ടപ്പോൾ ചെയ്തത് പെട്ടെന്നാരും ചെയ്യാത്ത കാര്യമാണ്. നാല്പത്തിനാലുകാരിയായ ഫ്ലോറിഡ സ്വദേശി സാന്ദ്ര ജിമെനെസ് തന്റെ കാമുകനോട് ദേഷ്യം കൂടിയപ്പോൾ കാട്ടിയതാണ് വിചിത്രം. തന്റെ കാമുകൻ പതിവായി മറ്റു സ്ത്രീകളെ നോക്കുന്നത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന സാന്ദ്ര ജിമെനെസ് വളർത്തു നായകൾക്ക് പേ വിഷബാധ പ്രതിരോധിക്കുന്നതിന് വേണ്ടി വാങ്ങി സൂക്ഷിച്ച സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ കണ്ണിൽ കുത്തുകയായിരുന്നു.
എട്ട് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. മിയാമി-ഡേഡ് കൗണ്ടിയിലെ ദമ്പതികളുടെ വീട്ടിൽ വച്ചാണ് അസാധാരണമായ ഈ സംഭവം നടന്നത്. കാമുകൻ മറ്റ് സ്ത്രീകളെ നോക്കുന്നത് പതിവാക്കിയതാണ് 44 കാരിയായ സാന്ദ്രയെ അസ്വസ്ഥയാക്കിയത്. ഇതേതുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായി. ഇതിനുശേഷം കട്ടിലിൽ കിടക്കുമ്പോൾ അപ്രതീക്ഷിതമായി രണ്ട് സൂചികൾ ഉപയോഗിച്ച് ജിമെനെസ് തന്റെ വലത് കണ്പോളയിൽ കുത്തുകയായിരുന്നുവെന്നാണ് കാമുകൻ പോലീസിനോട് പറഞ്ഞത്. സംഭവത്തിന് ശേഷം സാന്ദ്ര ജിമെനെസ് ഓടിപ്പോയി. 911 ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രയിൽ എത്തിച്ചത്. എന്നാൽ തൻ ഒന്നും ചെയ്തിട്ടില്ലെന്നും മുറിവുകൾ കാമുകൻ സ്വയം ഉണ്ടാക്കിയതാണെന്നുമാണ് ജിമെനെസ് പറയുന്നത്.