കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടാംപ്രതി എം.ആർ.അനിതകുമാരി അട്ടക്കുളങ്ങര വനിതാ ജയിലിൽ തൂപ്പുകാരി. ’പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല’ ജയിൽ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു. ജയിലിൽ പൊതുവേ ശാന്തയായാണ് ഇവർ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തറ തുടയ്ക്കലാണ് അനിത കുമാരിക്ക് നൽകിയിരിക്കുന്ന ജോലി.
അതേസമയം മകൾ അനുപമയെ വേറെ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. അനുപമയ്‌ക്ക് പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല.അനുപമയ്‌ക്കൊപ്പം രണ്ടുപേരാണ് സെല്ലിലുള്ളത്.അതേസമയം, ജയിലിലാണെങ്കിലും അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് ‘അനുപമ പത്മൻ’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്‌ലോഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.
അനുപമയ്‌ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മികച്ച സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കൃത്രിമമായി ദൃശ്യങ്ങളുണ്ടാക്കിയതിന് പിടിക്കപ്പെട്ടതോടെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചു. അതോടെയായാണ് തട്ടിപ്പിന് കൂട്ടായി ഇറങ്ങിയത്. കൈകൊണ്ട് മുഖം മറച്ച് സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൊടുക്കുന്ന ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ട്.
ഇതിനിടെ, അനുപമ അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോൾ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണുള്ളത്. എന്നാൽ ഇന്ന് 5.27 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.