ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു
വാമനപുരം ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മേലാറ്റിങ്ങല്‍ പുത്തന്‍വിളവീട്ടില്‍ രവീന്ദ്രന്‍പിള്ള-പ്രീത ദമ്പതിമാരുടെ മകന്‍ ഗോകുല്‍ (15), കല്ലമ്പലം തോട്ടയ്ക്കാട് കുന്നുവിളവീട്ടില്‍ നിന്നും മേലാറ്റിങ്ങല്‍ കുടവൂര്‍ക്കോണം സ്‌കൂളിന് സമീപം പുത്തന്‍വിളവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബിനു-സന്ധ്യാറാണി ദമ്പതിമാരുടെ മകന്‍ നിഖില്‍ (15) എന്നിവരാണ് മരിച്ചത്.
കുടവൂര്‍ക്കോണം ഗവ.എച്ച്എസിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വാമനപുരം ആറ്റിലെ മേലാറ്റിങ്ങല്‍ ഉതിയറ കടവിലാണ് അപകടമുണ്ടായത്.
മരിച്ച ഗോകുലും നിഖിലും മേലാറ്റിങ്ങല്‍ ആക്കോട്ടുകോണം വീട്ടില്‍ ശ്രീഹരി, മേലാറ്റിങ്ങല്‍ വാറില്‍ വീട്ടില്‍ അര്‍ജ്ജുന്‍ എന്നിവരോടൊപ്പമാണ് കടവിലേക്ക് പോയത്.
നാലുപേരും കടവിലിറങ്ങി കുളിച്ചുകൊണ്ടിരിക്കെ ഗോകുലും നിഖിലും ആറ്റില്‍ മുങ്ങിപ്പോയി. ഇതുകണ്ട് മറ്റുരണ്ടുപേര്‍ നിലവിളിച്ചുകൊണ്ട് കരയിലേക്കോടിക്കയറി നാട്ടുകാരോട് വിവരം പറഞ്ഞു.
ഉടന്‍തന്നെ ആറ്റിങ്ങല്‍ അഗ്നിരക്ഷാനിലയത്തില്‍ വിവരം അറിയിച്ചു. സേനാംഗങ്ങളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കടയ്ക്കാവൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗോപികയാണ് മരിച്ച ഗോകുലിന്റെ സഹോദരി. നിഖിലിന്റെ സഹോദരി നവ്യ.









