ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനിയായ ദുർഗ കാമി (21) അന്തരിച്ചു.
ശ്വാസകോശം പൂർണമായി പ്രവർത്തനരഹിതമായതിനെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച രാത്രി 10.05നായിരുന്നു അന്ത്യം.
രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ദുർഗയ്ക്ക് പുതുജീവൻ ലഭിച്ചുവെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും ബന്ധുക്കളും.
കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബു (46) മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് ദാനം ചെയ്ത ഹൃദയമാണ് കഴിഞ്ഞ മാസം 22ന് ദുർഗയ്ക്ക് മാറ്റിവെച്ചത്.
ഡാനോൻസ് ഡിസ്കെയർ (Danon’s Disease) എന്ന അപൂർവമായ ജനിതക രോഗമാണ് ദുർഗയുടെ ഹൃദയത്തെ ഗുരുതരമായി ബാധിച്ചിരുന്നത്.
നിയമപരമായ സാങ്കേതിക തടസങ്ങൾ മറികടന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടിരുന്നു.
(ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി)
കഴിഞ്ഞ ദിവസങ്ങളിൽ ദുർഗ എഴുന്നേറ്റുനടക്കുകയും ഭക്ഷണം കഴിക്കുകയും പുസ്തകം വായിക്കുകയും ചെയ്തതോടെ ആശുപത്രിയിൽ പ്രതീക്ഷയുടെ അന്തരീക്ഷം നിറഞ്ഞിരുന്നു.
എന്നാൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ അപ്രതീക്ഷിതമായി ശ്വാസകോശ പ്രവർത്തനം നിലച്ചു. പുതിയ ഹൃദയവുമായി ശരീരം പൂർണമായി പൊരുത്തപ്പെടാനാകാതിരുന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ആറ് മണിക്കൂറിലധികം വിദഗ്ധസംഘം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ദുർഗയ്ക്ക് ഒരു അനുജൻ മാത്രമാണുള്ളത്. പാരമ്പര്യ ഹൃദ്രോഗത്തെ തുടർന്ന് അമ്മയും മൂത്ത സഹോദരിയും മുൻപ് മരണപ്പെട്ടിരുന്നു.
അനാഥാലയത്തിലാണ് ദുർഗയും സഹോദരനും വളർന്നത്. ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ അനാഥാലയം നടത്തുന്ന മലയാളിയായ വ്യക്തിയാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്.
മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഷിബുവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത്.
കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനായ ഷിബു ഡിസംബർ 14ന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ഡിസംബർ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവദാനത്തിന് സന്നദ്ധമായി. ജീവിതത്തിന്റെ അവസാന നിമിഷംവരെ അനേകം മനുഷ്യർക്കായി പ്രതീക്ഷയായി മാറിയ രണ്ട് ജീവിതങ്ങളാണ് ഇതോടെ ഓർമ്മയായി മാറുന്നത്.









