നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം
ആലപ്പുഴ: ഉപയോഗശൂന്യമായി അലമാരയിൽ സൂക്ഷിച്ചിരുന്ന നിറംമങ്ങിയതോ കറപിടിച്ചതോ ആയ പ്രിയപ്പെട്ട വസ്ത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ടതില്ല.
അവയ്ക്ക് പുതിയ നിറവും രൂപവും നൽകി പുനർജന്മം നൽകുന്ന നവീന ആശയവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ചെന്നൈയിൽ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന അമൽ സനൽ (30).
കരുനാഗപ്പള്ളി വള്ളിക്കാവ് പുത്തൻപുരയ്ക്കൽ മുൻ സൈനികനായ പരേതനായ സനൽകുമാർ പിള്ളയുടെയും അനിത സനലിന്റെയും മകനായ അമൽ കഴിഞ്ഞ രണ്ട് വർഷമായി തുണിത്തരങ്ങളുടെ പുനരുപയോഗ സാധ്യതകൾ ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചുവരികയാണ്.
സ്വയംതൊഴിൽ ആഗ്രഹിക്കുന്നവർക്കായി വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് സൗജന്യമായും പണമടച്ചും ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.
ഇലകൾ പച്ച, പൂക്കൾ മഞ്ഞ
ഇലകളും പൂക്കളും ഉപയോഗിച്ചുള്ള നാചുറൽ ഡൈയിങ്ങിലൂടെയാണ് പഴയ തുണികൾക്ക് അമൽ പുതുജീവൻ നൽകുന്നത്.
തേക്കിന്റെ ഇല, ചെമ്പരത്തി, പനിക്കൂർക്ക, ചെണ്ടുമല്ലി, സവാളയുടെ തൊലി എന്നിവയാണ് ഡിസൈൻ ഒരുക്കാൻ ഉപയോഗിക്കുന്നത്. പതിമുകം, നാൽപ്പാമരം, മഞ്ഞൾ എന്നിവയാണ് നിറങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്നത്.
ഇതിൽ നിശ്ചിത അളവിൽ ഇരുമ്പ്, കോപ്പർ, ആലം എന്നിവ കലർത്തിയ വെള്ളം ചേർക്കുമ്പോൾ വ്യത്യസ്ത നിറങ്ങൾ തെളിയും.
ശാസ്ത്രീയമായ രീതിയിലാണ് ഡൈയിംഗും ഡിസൈനും നടക്കുന്നത്. ഇലകളും പൂക്കളും തുണിയിൽ ഒട്ടിച്ച് പ്രത്യേക രീതിയിൽ മടക്കി കെട്ടിയ ശേഷം മണിക്കൂറുകളോളം പുഴുങ്ങി ഉണക്കുന്ന പ്രക്രിയയിലൂടെയാണ് ഓരോ ഡിസൈനും രൂപപ്പെടുന്നത്.
ഒരു തുണി പൂർണമായും നിറംമാറ്റി തയ്യാറാക്കാൻ അഞ്ചോ ആറോ ദിവസം വരെ വേണ്ടിവരും. ഒരു തുണിക്ക് കൊറിയർ ചെലവ് ഉൾപ്പെടെ 500 രൂപയാണ് നിരക്ക്.
ഇതുകൂടാതെ, പഴയ തുണികളെ പൗച്ച്, ബാഗ് തുടങ്ങിയ ഉപകരണങ്ങളായും മാറ്റി നൽകുന്നുണ്ട്. പ്രിയപ്പെട്ടവർ നൽകിയ സമ്മാന വസ്ത്രങ്ങൾ പോലും ഇത്തരത്തിൽ പുതുമയോടെ മാറ്റിയെടുക്കാൻ ആളുകൾ സമീപിക്കുന്നുണ്ടെന്ന് അമൽ പറയുന്നു.
“ഒരു വസ്ത്രം പല തരത്തിൽ പുതുമയോടെ വീണ്ടും ഉപയോഗിക്കാം,”
— അമൽ സനൽ
English Summary
Amal Sanal, a 30-year-old IT professional based in Chennai, is giving a new life to old and unused clothes using natural dyeing techniques. By using leaves, flowers, and herbal materials, he transforms faded or stained garments into uniquely designed outfits. Active in this field for the past two years, Amal also conducts workshops to promote self-employment and sustainable fashion, charging ₹500 per cloth including courier costs.
natural-dye-cloth-reuse-amal-sanal-alappuzha
Natural Dyeing, Sustainable Fashion, Cloth Reuse, Amal Sanal, Alappuzha, Eco Friendly, Handcrafted Textiles, Self Employment









