വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം
അവശ്യ വസ്തുക്കളുടെ വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം. ബാങ്ക് വായ്പ്പയെടുത്തും കടം വാങ്ങിയും വൻതുക മുതൽമുടക്കി ഹോട്ടൽ നടത്തിപ്പിനായി ഇറങ്ങിയ സംരംഭകർ ഇപ്പോൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
മുൻപ് 750-800 രൂപയ്ക്ക് മറുനാടൻ തൊഴിലാളികളെ ലഭിക്കുമായിരുന്നു എങ്കിൽ ഇപ്പോൾ 900-1000 രൂപ മറുനാടൻ തൊഴിലാളികൾക്ക് നൽകണം.
തദ്ദേശീയരായ ഹോട്ടൽ തൊഴിലാളികളും ഇതേ വേതനത്തിന് ജോലി ചെയ്യാൻ തയാറാണ് എങ്കിലും ഇവർ ദീർഘകാലം ഒരേ ഹോട്ടലിൽ തൊഴിലെടുക്കാൻ തയാറാകാത്തത് ഹോട്ടലുടമകൾക്ക് തിരിച്ചടിയാണ്.
മറുനാടൻ തൊഴിലാളികൾ കൂടുതൽ സമയം ജോലി ചെയ്യും എന്നതും ഇവരെ ജോലിക്ക് എടുക്കാൻ ഹോട്ടൽ ഉടമകളെ പ്രേരിപ്പിക്കുന്നു.
സ്ഥിരം തൊഴിലാളികളെ കിട്ടാനില്ല എന്നതിനാൽ തൊഴിലാളികളിൽ ചിലർ ജോലി സമയത്ത് മദ്യപിച്ചാൽ പോലും ഉടമകൾക്ക് കണ്ടില്ലെന്ന് നടിക്കേണ്ട അവസ്ഥയാണ്.
അവശ്യ വസ്തുക്കളുടെ വില വർധനവ് ഹോട്ടൽ ഉടമകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. കോഴിവില ഇരട്ടിയായി ഉയർന്നതാണ് അടുത്തിടെ നേരിട്ട ഏറ്റവും വലിയ തിരിച്ചടി.
എണ്ണവില മുതൽ കാപ്പിപ്പൊടിക്ക് വരെ കുത്തനെ വില ഉയർന്നെന്നും ഇതനുസരിച്ച് ഉത്പന്നങ്ങളുടെ വില ഉയർത്താനാകാത്ത സ്ഥിതിയാണെന്നും ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.
വിറകിനും ഗ്യാസിനും തീപിടിച്ച വിലയാണ്. ഒരു പിക്-അപ് വാൻ വിറകിന് 5000 രൂപ വരെ നൽകണം. വെള്ളവും വിലകൊടുത്ത് വാങ്ങുകയാണ് .സ്ഥാപനത്തിന്റെ നിറം മങ്ങിയാൽ കച്ചവടവും കുറയും.
ഇത് മറികടക്കാൻ ഹോട്ടലുകളുടെ നവീകരണത്തിന് മുടക്കേണ്ട തുക വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ എങ്കിലും ഫ്രണ്ട് ഓഫീസ് മുതൽ ശുചിമുറി വരെ നവീകരിക്കേണ്ടിവരും.
ഇതിനായി ഇടത്തരം ഹോട്ടലുകൾ 15 ലക്ഷം രൂപ വരെ ചെലവിടേണ്ടി വരുന്നുണ്ട്. ഇതിനായി മുടക്കുന്ന പണം തിരിച്ചുപിടിക്കാൻ സാധ്യമല്ലെന്ന് വ്യാപാരികൾ.
മാസം വാടകയിനത്തിൽ 40,000 മുതൽ 60,000 വരെ, വൈദ്യുതി ബിൽ 25000 രൂപ, ജിഎസ്ടി. ദിവസം ശരാശരി 12 തൊഴിലാളികൾക്ക് വരെ വേതനം, വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടേയും പിരിവുകൾ, ലൈസൻസിനായി അടയ്ക്കേണ്ട തുക ഇവയെല്ലാം മുടക്കി വ്യാപാരം നടത്തുന്നവർക്ക് അനധികൃത തട്ടുകടകൾമൂലം വ്യാപാരം നഷ്ടപ്പെടുന്നു എന്ന പരാതിയുണ്ട്.
എല്ലാ നിയമങ്ങളും പാലിച്ച് നടത്തുന്ന ഹോട്ടലുകൾക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകും. മൂന്നാർ ഉൾപ്പെടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഏറെ പ്രതിസന്ധി.









