മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്
മൂന്നാർ: പള്ളിവാസൽ രണ്ടാംമൈലിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. നാലുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
മൂന്നാർ സന്ദർശിക്കാനെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കരുനാഗപ്പള്ളി സ്വദേശി അനന്തു (24), പള്ളിവാസൽ സ്വദേശി എം. വസന്ത് (26), കരുനാഗപ്പള്ളി സ്വദേശികളായ മറ്റ് രണ്ടുപേർക്കുമാണ് പരിക്കേറ്റത്.
മിനിബസിലാണ് സഞ്ചാരികൾ മൂന്നാറിലെത്തിയത്. രണ്ടാംമൈലിൽ ഇറങ്ങിയ ഇവർ സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പിൽ ചാരിനിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിന് കാരണമായത്.
മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്
ഇതേതുടർന്ന് പ്രദേശത്തുള്ള ഡ്രൈവർമാരും ഗൈഡുകളും അടങ്ങിയ സംഘം കയ്യിൽ വാളുമായെത്തി സഞ്ചാരികളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മൂന്നുപേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്തു.
മൂന്നാറിൽ തമിഴ് വംശജർ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നത് പതിവാണ്. ഒക്ടോഹറിൽ റിസോർട്ടിൽ മുറിയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർക്കെതിരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ എറണാകുളം തൃക്കാക്കര സ്വദേശിയായ ആദിൽ മുഹമ്മദ്, ഭാര്യ ഷിജിമോൾ, മകൻ സുബിൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. രാത്രി പതിനൊന്നോടെയാണ് സംഭവം.
മുറിയന്വേഷിച്ച് കാറിൽ മൂന്നാർ ടൗണിലെത്തിയ ഇവരെ ടൗണിലെ ഒരു ടൂറിസ്റ്റ് ഗൈഡ് മൂന്നാർ നഗർ ഭാഗത്തേക്ക് കൊണ്ടുപോയി. എന്നാൽ ദൂരക്കൂടുതൽ കാരണം ഇവർ മുറിയെടുക്കാൻ തയ്യാറായില്ല.
ഇതിനുശേഷം മടങ്ങിയ ഇവരെ പിന്തുടർന്നെത്തിയ ഒരു സംഘം യുവാക്കൾ മൂന്നാർ ടൗണിൽ വെച്ച് വാഹനം തടഞ്ഞ് വാക്കുതർക്കം നടത്തി . ഭയന്നുപോയ സഞ്ചാരികൾ വാഹനവുമായി പഴയമൂന്നാർ ഭാഗത്തേക്ക് പോയി.
ഇവരെ പിന്തുടർന്ന സംഘം സിഎസ്‌ഐ പള്ളിക്ക് സമീപത്തുവെച്ച് വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സമീപത്തെ തട്ടുകടയിൽ ഉണ്ടായിരുന്ന കസേര ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ മൂന്നുപേരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തു.
നേരത്തെ പള്ളിവാസൽ ഭാഗത്ത് വെച്ച് വിനോദസഞ്ചാരികളെ ആക്രമിച്ച പ്രതികളെ പോലീസ് പിടികൂടിയിരുന്നു. തട്ടുകടയിൽ തർക്കമുണ്ടായതിനെ തുടർന്ന് വിനോദ സഞ്ചാരിയായ യുവാവിന് വെട്ടേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
തമിഴ്‌നാട്ടിൽ വേരുകളുള്ള പ്രതികൾ ആക്രമണത്തിന് ശേഷം കേസ് വരുമ്പോൾ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയാണ് പതിവ്.









