ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം; ഏഴു പേർക്ക് പരിക്ക്
ഇടുക്കി കുമളി വെള്ളാരംകുന്നിൽ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ബിഎൽഒ വിനീത് സുരേഷ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീത് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമളി പോലീസ് കേസെടുത്ത് ഞായറാഴ്ച അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി വെള്ളാരംകുന്ന് ടൗണിലായിരുന്നു സംഘർഷത്തിന്റെ തുടക്കം. പ്രദേശത്ത് അനുമതിയില്ലാതെ മണ്ണെടുത്ത് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുമളി പോലീസ് മൂന്ന് ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് നടപടിക്ക് പിന്നിൽ ഡൈമുക്ക് സ്വദേശിയും ബി.എൽ.ഒയുമായ വിനീതും സുഹൃത്ത് മോബിനുമാണെന്ന് ആരോപിച്ചാണ് ഒരു സംഘം തർക്കമുന്നയിച്ചത്.
വാക്കേറ്റം പിന്നീട് അക്രമാസക്തമാകുകയായിരുന്നു. ആദ്യം ടിപ്പർ ഡ്രൈവർ മോബിനെ മർദ്ദിക്കുകയും, ഇത് തടയാനെത്തിയ വിനീത് സുരേഷിനെ എട്ടോളം വരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ വിനീതിനെ ആദ്യം കുമളി സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വിനീതിന്റെ തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വിനീതും മോബിനും ചേർന്ന് തങ്ങളെ ആക്രമിച്ചുവെന്ന് ആരോപിച്ച് എതിർവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ പരിക്കേറ്റ ബിനീഷ്, ബിജു, ബെൻ ആഡ്രിൻ ഷാജി, റെജിൻ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ കുമളി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









