ഇറക്കത്തിൽ ബസ്സിന്റെ ബ്രെക്ക് പോയിട്ടും മനസ്സാന്നിധ്യം കൈവിട്ടില്ല; താരമായി KSRTC ഡ്രൈവർ
വണ്ണപ്പുറം (ഇടുക്കി) ∙ ചേലച്ചുവട് റോഡിലെ അപകടഭീഷണിയായ നാൽപ്പതേക്കർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൂർണമായും നഷ്ടപ്പെട്ട സംഭവത്തിൽ ഡ്രൈവറുടെ അസാധാരണമായ മനസ്സാനിധ്യം വലിയ ദുരന്തം ഒഴിവാക്കി
ഹാൻഡ് ബ്രേക്ക് പ്രയോഗിച്ചിട്ടും വാഹനം നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രൈവർ ബസ് കുറച്ചുദൂരം നിയന്ത്രിതമായി ഓടിച്ച് താരതമ്യേന സുരക്ഷിതമായ സ്ഥലത്തെ മൺതിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു.
സംഭവത്തിൽ യാത്രക്കാരടക്കം ആർക്കും പരിക്കേൽക്കാതിരുന്നത് ആശ്വാസമായി. ബുധനാഴ്ച രാവിലെ 10.40ഓടെയായിരുന്നു സംഭവം.
കട്ടപ്പന ഡിപ്പോയിൽ നിന്നുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി കെഎസ്ആർടിസി ബസ് കോട്ടയത്തേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ചേലച്ചുവട് റോഡിലെ കുത്തനെ ഇറക്കത്തിൽ വെച്ച് ബ്രേക്ക് തകരാർ കണ്ടെത്തിയത്.
ബസിൽ 80ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഇറക്കം തുടങ്ങുന്നതിനിടെയാണ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നതായി ഡ്രൈവർക്ക് വ്യക്തമായത്.
ഡ്രൈവർ കട്ടപ്പന സ്വദേശി പി.വി. ജോണി ഉടൻ തന്നെ മനസ്സാന്നിധ്യം കൈവിടാതെ കണ്ടക്ടറെ വിവരം അറിയിക്കുകയും യാത്രക്കാരോട് ജാഗ്രത പാലിക്കണമെന്ന് വിളിച്ചുപറയുകയും ചെയ്തു.
ഇതോടെ യാത്രക്കാർ ബസിലെ കമ്പികളിലും സീറ്റുകളിലും ശക്തമായി പിടിച്ചുനിന്നു. അപകടസാധ്യത അതീവ ഗുരുതരമായിരുന്നെങ്കിലും എതിർവശത്ത് മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ രക്ഷയായി.
വണ്ടി നിർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ സമീപത്ത് കണ്ട മൺതിട്ട ലക്ഷ്യമാക്കി ബസ് നിയന്ത്രിതമായി ഇടിച്ചുനിർത്തുകയായിരുന്നു. ശക്തമായ ഇടിയുണ്ടായെങ്കിലും വണ്ടി മറിഞ്ഞില്ല.
അതിനാൽ യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ ഉണ്ടായേക്കാവുന്ന വലിയ അപകടമാണ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് ചെറിയ പരിഭ്രാന്തി ഉണ്ടായി. പിന്നീട് കെഎസ്ആർടിസി അധികൃതർ എത്തി യാത്രക്കാരെ മറ്റൊരു ബസിൽ സുരക്ഷിതമായി കയറ്റിവിട്ടു.
ബ്രേക്ക് തകരാർ സംഭവിച്ച ബസ് പ്രാഥമിക അറ്റകുറ്റപ്പണികൾക്ക് ശേഷം ഡിപ്പോയിലേക്ക് മാറ്റി. സംഭവത്തിന്റെ സാങ്കേതിക കാരണം കണ്ടെത്തുന്നതിനായി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഡ്രൈവർ പി.വി. ജോണിയുടെ ധൈര്യവും പ്രൊഫഷണൽ സമീപനവുമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്ന് യാത്രക്കാരും സഹപ്രവർത്തകരും പറഞ്ഞു.









