17 വർഷത്തെ വിദേശവാസത്തിന് വിരാമം; താരിഖ് റഹ്മാൻ ഇന്ന് ബംഗ്ലദേശിലേക്ക് മടങ്ങിയെത്തും; അതീവ ജാഗ്രത; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
ധാക്ക: 17 വർഷത്തെ വിദേശവാസത്തിന് വിരാമമിട്ട് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാൻ ഇന്ന് ബംഗ്ലദേശിലേക്ക് മടങ്ങിയെത്തും.
രാജ്യത്ത് രാഷ്ട്രീയ സംഘർഷവും അസ്ഥിരതയും തുടരുന്ന പശ്ചാത്തലത്തിൽ താരിഖിന്റെ തിരിച്ചുവരവിന് നിർണായക രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
താരിഖ് റഹ്മാന്റെ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയെ സന്ദർശിക്കുന്നതോടൊപ്പം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിച്ച് അധികാരത്തിലേക്കെത്തുക എന്നതാണ് താരിഖിന്റെ ലക്ഷ്യം.
താരിഖിന്റെ മടങ്ങിവരവ് കണക്കിലെടുത്ത് ധാക്കയിലെ ഹസ്രത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ധാക്ക മെട്രോപൊലിറ്റൻ പൊലീസ് അറിയിച്ചു.
രഹസ്യമായും പരസ്യമായും എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപിയുടെ ആക്ടിങ് ചെയർമാനായ അറുപതുകാരനായ താരിഖ്, ‘കിരീടാവകാശി’ എന്ന വിശേഷണത്താലും അറിയപ്പെടുന്നു.
സിയാവുർ റഹ്മാൻ 1981ൽ പ്രസിഡന്റായിരിക്കെ കൊല്ലപ്പെട്ടിരുന്നു. ഖാലിദ സിയ മൂന്ന് തവണ ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്നു.
2000ൽ ബിഎൻപി നേതൃത്വത്തിലേക്കുയർന്ന താരിഖ്, ഷെയ്ഖ് ഹസീന ഭരണകാലത്ത് 18 മാസം തടവുശിക്ഷ അനുഭവിച്ചു.
2008ൽ ജയിൽമോചിതനായ ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറി. ഖാലിദ സിയയെ ജയിലിലടച്ചിരുന്ന കാലയളവിൽ ലണ്ടനിൽ നിന്ന് പാർട്ടിയെ നയിച്ചു.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിഎൻപി മുഖ്യ രാഷ്ട്രീയ ശക്തിയായി മാറുകയാണ്.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നാണ് വിലയിരുത്തൽ.
‘ഇന്ത്യയോ പാകിസ്ഥാനോ അല്ല, ബംഗ്ലദേശ് ആദ്യം’ എന്ന നിലപാടാണ് താരിഖ് റഹ്മാൻ ഉയർത്തിപ്പിടിക്കുന്നത്.
English Summary
BNP Acting Chairman Tarique Rahman is set to return to Bangladesh today, ending a 17-year exile. His comeback comes amid political unrest and is seen as highly significant ahead of the upcoming general elections. With former Prime Minister Khaleda Zia critically ill, Tarique aims to lead the BNP into power, and is widely expected to emerge as the party’s prime ministerial candidate.
tarique-rahman-return-bangladesh-bnp-politics
Bangladesh, Tarique Rahman, BNP, Khaleda Zia, Bangladesh Politics, General Election, Dhaka, South Asia Politics









