തൊടുപുഴ: മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിനായി മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസൺ മോട്ടോഴ്സ് സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മത്സരം നാളെ. വൈകീട്ട് ആറിന് കോലാനി-വെങ്ങല്ലൂർ ബൈപ്പാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഓൾ കേരള വടംവലി അസോസിയേഷൻ, എക്സൈസിന്റെ വിമുക്തി മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. അഡീഷണൽ ഇൻകംടാക്സ് കമ്മിഷണർ ജ്യോതിഷ് മോഹൻ ഉദ്ഘാടനം ചെയ്യും.600 കിലോ, 455 കിലോ എന്നീ രണ്ട് കാറ്റഗറികളിലാണ് മത്സരം.
വിജയികളെ കാത്തിരിക്കുന്നത് 25,000 രൂപയുടെ ഒന്നാം സമ്മാനവും പതിനെട്ട് ആനുപാതിക സമ്മാനങ്ങളുമാണ്. പ്രത്യേകം തയ്യാറാക്കിയ സ്ലാബ് കോർട്ടിലാകും മത്സരങ്ങൾ നടക്കുക. കാണികൾക്കായി ഗാലറി ഒരുക്കുന്ന ഇടുക്കിയിലെ ആദ്യ വടംവലി മത്സരം എന്ന പ്രത്യേകതയുമുണ്ട്. 600 കിലോഗ്രാം വിഭാഗത്തിന്റെ മത്സര ഉദ്ഘാടനം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് വർഗീസ് നിർവഹിക്കും. 455 കിലോഗ്രാം വിഭാഗം മത്സരം തൊടുപുഴ ഡിവൈ.എസ്.പി. ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്യും. തൊടുപുഴ സി.ഐ. സുമേഷ് സുധാകർ സമ്മാനദാനം നിർവഹിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിക്കും.
ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് വിശിഷ്ടാതിഥിയായിരിക്കും. ഹോറൈസൺ മോട്ടോഴ്സ് ചെയർമാൻ ഷാജി ജെ. കണ്ണിക്കാട്ട്, എ ഡി എം ഷൈജു പി ജേക്കബ്, എൻഫോഴ്‌സ്‌മെന്റ് ആർ ഡി ഒ നാസർ പി എ, ജോയിൻ ആർ ഡി ഒ പ്രദീപ് എസ് എസ്, വാർഡ് കൗൺസിലർ കവിതാ വേണു, മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി അജീവ് തുടങ്ങിയവർ പങ്കെടുക്കും. ഹൊറൈസൺ മോട്ടോഴ്സ് സർവീസ് ജനറൽ മാനേജർ ശിവദാസൻ ടി ആർ സ്വാഗതവും സെയിൽസ് ഇടുക്കി ജി എം പവിത്രൻ മേനോൻ നന്ദിയും പറയും.
കേരളത്തിലെ മിക്ക ജില്ലകളിൽനിന്നും ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഹൊറൈസൺ മോട്ടോഴ്‌സിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ ഓഗസ്റ്റിൽ കോട്ടയത്ത് സംഘടിപ്പിച്ച മിനി മാരത്തൺ വൻ വിജയമായിരുന്നു.
Read Also: നിരീക്ഷണങ്ങൾ തടയാനാവില്ല, സിനിമ നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണം; ഹൈക്കോടതി