സുരേഷ് ഗോപി വിരുദ്ധതരംഗം, ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ നീക്കവും ഫലം കണ്ടില്ല; ബിജെപി വിലയിരുത്തൽ
കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളുടെ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് ബിജെപി.
ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ പരിപാടി ഇത്തവണ ഫലം കണ്ടില്ലെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ച തൃശൂരിൽ പോലും ഇത്തവണ ആ പിന്തുണ യുഡിഎഫിലേക്ക് മാറിയെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും സമാനമായ പ്രവണതയാണ് കണ്ടതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.
തൃശൂരിൽ പള്ളികളുടെ പിന്തുണയോടെ ക്രൈസ്തവ സ്ഥാനാർഥികളെ മത്സരിപ്പിച്ച ഡിവിഷനുകളിലുടനീളം ബിജെപി കനത്ത പരാജയം നേരിട്ടു.
കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, ഗാന്ധിനഗർ, നെട്ടിശ്ശേരി തുടങ്ങിയ ഡിവിഷനുകളിൽ ജയപ്രതീക്ഷ ഉയർന്നിരുന്നെങ്കിലും ഫലങ്ങൾ പൂർണമായും വിപരീതമായി.
ചത്തീസ്ഗഡ് വിഷയത്തെ തുടർന്നുണ്ടായ പ്രതികൂലതയും, കന്യാസ്ത്രീ സമൂഹം ബിജെപിക്കെതിരേ നിലകൊണ്ടതുമാണ് പ്രധാന തിരിച്ചടിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പി.സി. ജോർജിന് സ്വാധീനമുള്ള ചില മേഖലകളിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്കൊപ്പം നിന്നെങ്കിലും, അത് രണ്ടോ മൂന്നോ പഞ്ചായത്തുകളിലൊതുങ്ങിയതായി പാർട്ടി വിലയിരുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് ക്രൈസ്തവ സ്ഥാനാർഥികളെ നിർത്തിയിട്ടും കാര്യമായ നേട്ടമുണ്ടായില്ല.
നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളിൽ പരാജയവും വോട്ട് വിഹിതത്തിൽ ഇടിവും രേഖപ്പെടുത്തി.
തൃശൂരിൽ നടൻ സുരേഷ് ഗോപി വിരുദ്ധതരംഗം ശക്തമായതും തിരിച്ചടിയായെന്നാണ് പാർട്ടി കണക്കുകൂട്ടൽ.
മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാവുന്ന ശക്തനായ നേതാവ് മത്സരരംഗത്തില്ലായിരുന്നതോടെ ഭരണാധികാരം പിടിക്കാമെന്ന ആത്മവിശ്വാസം പ്രവർത്തകരിൽ ഉണ്ടായില്ലെന്നും വിലയിരുത്തലുണ്ട്.
നേതൃത്വത്തിലെ ഐക്യമില്ലായ്മ, ജില്ലാ പ്രസിഡന്റിന്റെ പരിമിതമായ ഇടപെടൽ, ഒരു സംസ്ഥാന നേതാവിന്റെ പ്രവർത്തനരംഗത്തുനിന്നുള്ള വിട്ടുനിൽപ്പ് തുടങ്ങിയവയും പാർട്ടിക്കുള്ളിൽ വിമർശനവിധേയമായി.
സംസ്ഥാന ഭാരവാഹികളിൽ ബി. ഗോപാലകൃഷ്ണൻ മാത്രമാണ് നേരിട്ട് ഡിവിഷനുകളിൽ സജീവമായി പ്രവർത്തിച്ചതെന്നും, അതിന്റെ ഗുണം ഗാന്ധിനഗർ ഡിവിഷനിൽ പ്രതിഫലിച്ചതെന്നുമാണ് ബിജെപിയുടെ ആഭ്യന്തര വിലയിരുത്തൽ.
English Summary
The BJP has assessed that it failed to secure the support of Christian churches in Kerala’s local body elections, with its ‘Christian Outreach’ initiative yielding no significant results. Party leaders believe Christian votes, which supported the BJP in Thrissur during the Lok Sabha polls, shifted towards the UDF this time. Similar trends were observed across several districts. Internal assessments cite strong anti-BJP sentiment, organisational weaknesses, leadership issues, and local factors such as opposition to Suresh Gopi in Thrissur as key reasons for the setback.
BJP Admits ‘Christian Outreach’ Failed to Deliver in Kerala Local Body Polls
BJP Kerala, Christian outreach, local body elections, Christian churches, Thrissur, UDF, Kerala politics, BJP setback, Suresh Gopi factor, party assessment









