കലോത്സവ നഗരിയിൽ ‘ഈറ്റ് ഒ ക്ലോക്കു’മായി എൻഎസ്എസ്
കൂട്ടുകാരന് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടു വേണമെന്ന തോന്നലാണ് കലോത്സവ വേദിയിൽ ലഘുഭക്ഷണശാലയിടാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത്.
മുരിക്കാശേരിയിൽ നടന്ന ഇടുക്കി ജില്ലാ കലോത്സവത്തിലാണ് എൻഎസ്എസ് വളണ്ടിയർമാര് വ്യസ്ത്യസ്തമായ ഈ ലഘുഭക്ഷണശാല നിർമിച്ചത്.
ഒണിയൻ പക്കോഡ ,മുളക് ബജി, മുട്ട ബജി , ചായ, കാപ്പി, സർബത്ത് , ജ്യൂസ് തുടങ്ങി തണുത്തതും ചൂടുളളതുമായ ചെറുകടി-പാനീയങ്ങളുടെ വില്പന തകൃതിയായി നടക്കുകയാണ് കലോത്സവനഗരിയിലെ പ്രധാന വേദിക്ക് സമീപം ‘ഈറ്റ് ഒ ക്ലോക്ക്’ ലഘുഭക്ഷണശാലയിൽ.
മുരിക്കാശേരി സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘ഈറ്റ് ഒ ക്ലോക്ക്’ പ്രവർത്തിക്കുന്നത്.
വീടില്ലാതെ താല്കാലിക ഷെഡ്ഡിൽ അന്തിയുറങ്ങുന്ന സഹപാഠിക്ക് ഒരു വീടു നിർമിച്ച് നല്കാൻ പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ എസ് എസ് വോളണ്ടിയർമാർ കയ് മെയ് മറന്ന് ‘ഈറ്റ് ഒ ക്ലോക്കി ‘ൽ ഒന്നിച്ച് പ്രവർത്തിക്കുന്നത്.
സഹപാഠിക്കൊരു വീടിനായി 10 ലക്ഷം രൂപ സമാഹരിക്കുക എന്നതാണ് ലക്ഷ്യം. കലോത്സവ കച്ചവടത്തിൽ ശരാശരി 30000 രൂപ വരുമാനമുണ്ട്.
ബാക്കി തുക നാട്ടുകാരിൽ നിന്നും സുമനസുകളിൽ നിന്നും കണ്ടെത്തി സഹപാഠിക്കുള്ള വീട് നിർമിക്കാനാണ് ഇവരുടെ തീരുമാനം.
പ്രിൻസിപ്പൽ സിബിച്ചൻ കാരക്കാട്ടും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത മാത്യുവും പരിപൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ലീഡർ മാരായ ഡിന സ്റ്റാർലിൻ ,ജെ ജയഗോവിന്ദ്, ധനല മനീഷ് എന്നിവരാണ് ധനസമാഹരണത്തിന് നേതൃത്വം നല്കുന്നത്.
കുട്ടികളുടെ സന്മനസിന് സഹകരണമർപ്പിച്ച് ‘ഈറ്റ് ഒ ക്ലോക്കി ‘ൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന പലരും ബാക്കി തുക വാങ്ങാറില്ലന്നും കുട്ടികൾ പറഞ്ഞു.









