മെസി കേരളത്തിലെത്തും
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും എന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി. അടുത്ത മാർച്ചിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് ഇമെയിൽ ലഭിച്ചെന്നും അതിൽ മാർച്ച് സന്ദർശനം സംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിന് അനുമതി നൽകി മറുപടിയും നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നവംബർ മാസത്തിൽ കളി നടക്കാതിരുന്നതിന് സ്റ്റേഡിയത്തിലെ ചില അസൗകര്യങ്ങളാണ് കാരണമെന്ന് മന്ത്രി വിശദീകരിച്ചു. അറ്റകുറ്റപ്പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കുമെന്നും അതിന് ശേഷം ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്പോൺസറുടെ ഭാഗത്ത് വീഴ്ചയില്ലെന്നും, എല്ലാവരും ചേർന്നാണ് മത്സരം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒക്ടോബറിലോ നവംബറിലോ മത്സരം നടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അർജന്റീന നവംബർ 14ന് അംഗോളയിൽ സൗഹൃദ മത്സരം കളിക്കുമെന്ന് പിന്നീട് പ്രഖ്യാപിച്ചു.
അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലുവാണ്ടയിലാണ് മത്സരം. അതിനാൽ കേരള സന്ദർശനം റദ്ദാക്കേണ്ടി വന്നു.
സ്പാനിഷ് മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കേരളത്തിന് അർജന്റീനയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്നും, ആവർത്തിച്ച ലംഘനങ്ങൾ കാരണം കരാർ തകർന്നുവെന്നും എ.എഫ്.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പുതിയ തീയതി കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. മാർച്ചിൽ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന പ്രതിനിധി ഹെക്ടർ ഡാനിയൽ കാബ്രേര കഴിഞ്ഞ മാസം കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് കായികമന്ത്രി അന്ന് ഉറപ്പുനൽകിയിരുന്നു.
നേരത്തേ ഒക്ടോബറിൽ മെസിയും സംഘവും എത്തും എന്നായിരുന്നു മന്ത്രിയും സ്‌പോൺസറായി റിപ്പോർട്ടർ ടിവിയും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് നവംബറിൽ വരുമെന്നയി.
എന്നാൽ കേരളത്തിൽ എത്തുമെന്ന് അറിയിച്ച ദിവസങ്ങളിൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ സൗഹൃദ ഫുട്ബോൾ മത്സരം കളിക്കുമെന്ന് അർജന്റീന പ്രഖ്യാപിച്ചു.
നവംബർ 14-ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. അടുത്ത വിൻഡോ ആയ മാർച്ചിൽ വരുമെന്നാണ് ഇപ്പോൾ മന്ത്രി അവകാശപ്പെടുന്നത്.
English Summary:
Kerala Sports Minister V. Abdurahman confirmed that Lionel Messi and the Argentina football team will visit Kerala in March next year. The minister said he received an email from the Argentine Football Association confirming their visit and that an official announcement will follow soon. The November match was postponed due to stadium issues, with renovation expected to finish in 15 days. Earlier, Argentina had reportedly canceled their Kerala visit after scheduling a friendly match in Angola on November 14. Spanish daily La Nación reported that the deal with Kerala failed due to unmet requirements, though talks are underway to reschedule the match for March.









