ഗേറ്റ് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ആലപ്പുഴ: ഗേറ്റ് അടക്കുന്നതിനിടെ മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു.
തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്.
നിരക്കി മാറ്റുന്ന ഗേറ്റ് അടക്കുന്നതിനിടെ കഴിഞ്ഞ 22ന് രാവിലെ 11ന് ആണ് അപകടമുണ്ടായത്. കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം.
അപകടത്തിൽ തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.
എന്നാൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
അംഗനവാടി ടീച്ചർ കുട്ടിയുടെ മുഖത്തടിച്ചതായി പരാതി
തിരുവനന്തപുരം: അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരത്ത് മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം നടന്നത്.
അടിയേറ്റതിനെ തുടർന്ന് രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി ഇവരോട് പറഞ്ഞത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അടിച്ചില്ലെന്ന വാദത്തിലാണ് അധ്യാപിക.
സംഭവത്തിൽ അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.
വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയിൽ നിന്നും രണ്ടുവയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുന്നതിനിടെ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്.
ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായ കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.സംഭവ സമയത്ത് അശോകന്‍ പണിക്കു പോയിരിക്കുകയായിരുന്നു.
ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതു കേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്.
ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ തന്നെ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. ഈ സമയം അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു.
Summary: A one-and-a-half-year-old boy, Rithav, son of Akhil Maniyappan and Ashwathi, passed away after sustaining injuries from a gate accident in Alappuzha.









