സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ
തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് മോതിരം സമ്മാനിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വിവാഹ സമ്മാനമായാണ് അദ്ദേഹം മോതിരം നൽകിയത്.
ഈ മാസം 15-നാണ് സുജിത്തിന്റെ വിവാഹം. ഇന്നലെ വൈകിട്ടാണ് വേണുഗോപാൽ സുജിത്തിന്റെ വീട്ടിലെത്തിയത്. കേരള പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയത് പിണറായി വിജയനാണെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു.
കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നുകാണിക്കുന്ന സംഭവമാണിത്. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെല്ലാം നേരത്തെ തന്നെ ഈ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്.
എന്നാൽ അത് പൂഴ്ത്തിവെക്കാനാണ് ശ്രമമുണ്ടായത് എന്നും അദ്ദേഹം ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രതികളാണെന്നാണ് തന്റെ അഭിപ്രായമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐജിയുടെ ഉത്തരവിൽ വ്യക്തമാക്കി.
ഡിഐജി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിലുണ്ട്.
സംഭവത്തിൽ സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി നാലു ഉദ്യോഗസ്ഥർക്കെതിരെയും എടുത്തിരുന്നത്.
കൂടാതെ ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി ക്രിമനൽ കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ഐജി അംഗീകരിച്ചത് ഉത്തരവിറക്കിയത്.
Summary: AICC General Secretary K.C. Venugopal gifted a ring to Youth Congress leader V.S. Sujith, who was brutally assaulted by Kunnamkulam police.