കോതമംഗലത്തെ യുവാവിന്‍റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ
വിഷം ഉള്ളിൽച്ചതിന് പിന്നാലെ മരിച്ച അന്‍സില്‍ എന്ന യുവാവിന്റെ കേസിൽ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്.
അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്തിനോട് തന്റെ പെണ്‍സുഹൃത്താണ് വിഷം നല്‍കിയതെന്നു അന്‍സില്‍ പറഞ്ഞിരുന്നുവെന്നാണ് വിവരം.
സുഹൃത്ത് ഇതു പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കസ്റ്റഡിയിലെടുക്കുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാലിപ്പാറയിലുള്ള യുവതിയുടെ വീട്ടില്‍ അന്‍സില്‍ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്.
പിന്നീട് ഇരുവരും ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധചികിത്സയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിശദശാംശം പുറത്തുവരുകയുള്ളു.
അന്ന് രാത്രി 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പള്ളിയില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇയാള്‍ പെൺസുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.
വിവാഹിതനും കുട്ടികളുള്ളവനുമായ അന്‍സിലിന് യുവതിയുമായി ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിക്കപ്പെടാറുണ്ടായിരുന്നു.
അന്‍സില്‍ പലതവണ പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് യുവതി അദ്ദേഹത്തെ വീട്ടില്‍ വിളിച്ച് വിഷം നല്‍കിയതെന്നാണ് അന്വേഷണത്തിലെ ആദ്യ സൂചന.









