യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി?
ന്യൂഡല്‍ഹി: രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്ന് ധനമന്ത്രാലയം. രാജ്യസഭയില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം.
‘രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ല,’- രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ മറുപടി.
ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി നിരക്കുകളും ഇളവുകളും തീരുമാനിക്കുന്നതെന്നും മന്ത്രി രാജ്സഭയെ അറിയിച്ചു. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വ്യാപാരികള്‍ക്ക് ഏകദേശം 6,000 ജിഎസ്ടി ഡിമാന്‍ഡ് നോട്ടീസുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ ചോദ്യം ഉയര്‍ന്നത്.
പണം സ്വീകരിക്കുന്നത് യുപിഐ വഴിയാണോ…?
യുപി ഐ ഇടപാടുകളുടെ പേരിൽ ബംഗളുരൂവിലെ ചെറുകിട വ്യാപാരികൾക്ക് വൻ തുകയുടെ നികുതി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് രാജ്യമെങ്ങുമുള്ള വ്യാപാരികൾ ഭീതിയിൽ.
2021 മുതലുള്ള കണക്കുകൾ പ്രകാരം 40 ലക്ഷം രൂപയിലധികം തുകയുടെ ഇടപാടുകൾ നടന്നവർക്കാണ് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. ഇതോടെ വ്യാപാരികൾ പലരും ഡിജിറ്റൽ പണം ഇടപാടുകൾ ബഹിഷ്‌കരിച്ചു.
ഇതോടെ എസ്ബിഐ റിസർച്ച് വിഭാഗവും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവന്ന് ക്രമവത്കരിക്കാൻ ശ്രമിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് എസ്ബിഐ റിസർച്ച് നിർദേശിക്കുന്നു.
ചെറുവരുമാനക്കാരിലേക്ക് ജിഎസ്ടി സംവിധാ നം അടിച്ചേൽപ്പിക്കുന്നത് അസംഘടിത മേഖല കറൻസി കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ജിഎസ്ടി യുടെ എട്ടുവർഷത്തെ പുരോഗതി വിലയിരുത്തിയുള്ള റിപ്പോർട്ടിൽ കർണാടകയിൽ അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്ബിഐ ഇക്കാര്യം പറയുന്നത്.
കറൻസി ഇടപാടുകൾ വീണ്ടും വരുന്നത് ഇത് ജിഎസ്ടിയുടെയും ഡിജിറ്റൽ ഇടപാടുകളുടെയും മുന്നേറ്റത്തിനു തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങളുടെ യഥാർഥ ചിത്രം കണ്ടെത്തുന്നതിനും നികുതിവെട്ടിപ്പുകൾ കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നല്ലതുതന്നെ. എന്നാൽ, ഇത്തരം നടപടികൾ സന്തുലിതവും സൂക്ഷബോധത്തോടെയുമാകണം സ്വീകരിക്കേണ്ടത്.
പ്രകോപനപരമായ രീതിയിൽ പരിശോധനകൾ നടപ്പാക്കാൻ തുടങ്ങിയാൽ ചെറുകിട സംരംഭകർ അസംഘടിതമായ കറൻസി ഇടപാടുകളിലേക്കു മടങ്ങിപ്പോകാനിടയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ ക്രമവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
രാജ്യത്തെ സാമ്പത്തിക പ്രവർത്തന ങ്ങൾക്ക് കൃത്യമായ കണക്കുണ്ടാക്കുന്നതിനും വരുമാനം ഉയർത്തുന്നതിനും ജി എസ്ടി ശക്തമായ അടിത്തറയായിട്ടുണ്ട്. ശിക്ഷിക്കുന്നതിനു പകരം ചെറുകിട വ്യാപാരികളെയടക്കം ശക്തിപ്പെടുത്തണം.
എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുമ്പോഴേ ദീർഘകാലാടിസ്ഥാനത്തിൽ ഈ ശ്രമങ്ങൾ വിജയിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ ചെറുകിട വ്യാപാരികൾക്ക് നോട്ടീസ് ലഭിച്ച വിവരം രാജ്യമെങ്ങും വാർത്ത ആയതിനെ തുടർന്ന് വ്യാപാരികൾ പലരും യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല
English Summary :
The Finance Ministry has clarified that there is no proposal to impose GST on UPI transactions exceeding ₹2000. The clarification was made in response to a question in the Rajya Sabha regarding GST on digital payments. The government reaffirmed that UPI transactions will continue to remain free from GST