ഗോവിന്ദച്ചാമി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് പുറത്തു വരുന്ന വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നിലവിൽ നല്‍കുന്നത്. കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. കള്ളി ഷര്‍ട്ടും പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്.
ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്നാണ് ഇവര്‍ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്‍തുടര്‍ന്നിരുന്നു.
ഗോവിന്ദചാമി ജയിൽ ചാടി
കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി.
കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദ ചാമി ജയിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്.
ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. നേരത്തെ കേസിൽ ഇയാളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗോവിന്ദ ചാമി രക്ഷപ്പെട്ട വിവരം ജയിൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ആണ് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ച് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി പെൺകുട്ടി ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങി.ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.
ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
English Summary
Govindachamy, the convict in the infamous Soumya murder case, who escaped from Kannur Central Jail, has been captured.