അസ്ഹറുദീന്റെ ബംഗ്ലാവിൽ മോഷണം
പൂനെ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന്റെ ലോണാവാല ബംഗ്ലാവിൽ നിന്നും 50,000 രൂപയും ടിവി സെറ്റും മോഷണം പോയി. ഭാര്യ സംഗീത ബിജ്‌ലാനിയുടെ ഉമസ്ഥതയിലുള്ള ബംഗ്ലാവിലാണ് മോഷണം നടന്നിരിക്കുന്നത്. മാർച്ച് 7നും ജൂലൈ 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പൂനെ റൂറൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ മോഷണം നടത്തിയവരെ കണ്ടെത്താനായിട്ടില്ല. ബംഗ്ലാവിന്റെ പിൻഭാഗത്തെ കോമ്പൗണ്ട് മതിലിലൂടെയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് ഒന്നാം നിലയിലെ ഗ്യാലറിയിൽ കയറി ജനൽ ഗ്രിൽ തുറന്ന് ബംഗ്ലാവിനുള്ളിൽ പ്രവേശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 7000 രൂപയുടെ ടെലിവിഷൻ സെറ്റും മോഷ്ടിച്ചിട്ടുണ്ട്. മോഷണത്തിന് പുറമെ പ്രതികൾ വീടിനുള്ളിലെ മറ്റ് വസ്തുവകകളും നശിപ്പിച്ചു. അസ്ഹറുദീന്റെ പേഴ്‌സണൽ അസിസ്റ്റന്റ് മുഹമ്മദ് മുജീബ് ഖാൻ ആണ് പരാതി നൽകിയത്. 2025 മാർച്ച് 7നും ജൂലൈ 18നും ഇടയിൽ ബംഗ്ലാവിൽ ആളില്ലാതെ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്.
പരാതിയെത്തുടർന്ന് ബിഎൻഎസ് സെക്ഷൻ 331(3), 331(4), 305(മ), 324(4), 324(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 19 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ മോഷണ വസ്തുക്കൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഫോറൻസിക് പരിശോധനയും നടത്തി.
ക്രിക്കറ്റ് ടീമിൽ നിന്ന് ലോക്‌സഭ ടീമിൽ എത്തിയവർ; ഫത്തെസിങ്റാവു ഗെയ്‌ക്വാദ് മുതൽ ഗൗതം ഗംഭീർ വരെ; അരങ്ങേറ്റത്തിനൊരുങ്ങി യൂസഫ് പത്താൻ
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർഥിയായി മാറിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താനായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി പശ്ചിമ ബംഗാളിലെ ബർഹാംപൂരിൽ കോണ്ഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിക്കെതിരെയാണ് പത്താൻ മത്സരിക്കുന്നത്. എന്നാൽ ക്രീസിൽ നിന്ന് ചുവടുമാറ്റി ലോക്‌സഭാ തിരഞ്ഞെടുപ്പ് പരീക്ഷണത്തിനിറങ്ങുന്ന ആദ്യത്തെ താരമല്ല പത്താൻ. ഫത്തെസിങ്റാവു ഗെയ്‌ക്വാദ് മുതൽ ഗൗതം ഗംഭീർ വരെ നീളുന്നു ആ പട്ടിക
ഫത്തെസിങ്റാവു ഗെയ്‌ക്വാദ്
ഫത്തെസിങ്റാവു ഗെയ്‌ക്വാദ് 1946-1958 കാലഘട്ടത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡയെ പ്രതിനിധീകരിച്ചിരുന്നു. 1957, 1962, 1971, 1977 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. വഡോദരയിൽ നിന്നായിരുന്നു ഫത്തെസിങ്റാവു മത്സരിച്ചത്.
ഡോ വിജയ ആനന്ദ് ‘വിസി’
1930കളിൽ ഇന്ത്യയെ മൂന്ന് ടെസ്റ്റുകളിൽ നയിച്ചിട്ടുള്ള താരമായിരുന്നു ഡോ വിജയ ആനന്ദ് വിസി. 1962ൽ വിശാഖപട്ടണത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ പാർലമെന്റിലെത്തി.
മൻസൂർ അലി ഖാൻ പട്ടൗഡി
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു മൻസൂർ അലി ഖാൻ പട്ടൗഡി. 1971ൽ ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിശാൽ ഹരിയാന പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ചത്. 1991ൽ ഭോപ്പാലിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല.
ചേതൻ ചൗഹാൻ
സുനിൽ ഗവാസ്കറിന്റെ ഓപ്പണിങ് പാർട്ട്ണറായി ടെസ്റ്റ് ക്രിക്കറ്റിൽ ശോഭിച്ച ചേതൻ 1991, 1998 തിരഞ്ഞെടുപ്പുകളിൽ യുപിയിലെ അംരോഹയിൽ നിന്നാണ് പാർലമെന്റിലെത്തിയത്. ബിജെപി സ്ഥാനാർഥിയായാണ് മത്സരിച്ചത്. 1996, 1999, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയും ചെയ്തു.
കീർത്തി ആസാദ്
ബിഹാർ മുൻ മുഖ്യമന്ത്രി ഭഗവത് ആസാദിന്റെ മകനായ കീർത്തി ആസാദ് ബിഹാറിലെ ദർഭാങ്ങ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാണ് 1999ൽ തിരഞ്ഞെടുക്കപ്പെട്ടത്. 2004ൽ പരാജയപ്പെട്ടെങ്കിലും 2014ൽ മണ്ഡലം തിരിച്ചുപിടിച്ചു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ കീർത്തി അസാദ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി വഴങ്ങി. ശേഷം തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായി.
ചേതൻ ശർമ
1987 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടിയ ചേതൻ ബി എസ് പി സ്ഥാനാർഥിയായി 2009ൽ ഫരീദാബാദിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
റാണി നാര
അസം വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു റാണി നാര ലഖിംപൂരിൽ നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തി (1998, 1999, 2009). കോൺഗ്രസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്.
മനോജ് പ്രഭാകർ
മുൻ ഇന്ത്യൻ ഓൾ റൗണ്ടറായ മനോജ് പ്രഭാകർ 1996ൽ സൗത്ത് ഡൽഹിയിൽ ഓൾ ഇന്ത്യ ഇന്ദിര കോൺഗ്രസ് (തിവാരി) സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.
നവ്‌ജോത് സിദ്ധു
അമൃത്‌സറിൽ നിന്ന് 2004, 2007 (ഉപതിരഞ്ഞെടുപ്പ്), 2009 ലോക്‌സഭ തിരഞ്ഞെടുപ്പുകളിലാണ് സിദ്ധു വിജയിച്ചത്. ബിജെപി ടിക്കറ്റിലായിരുന്നു മൂന്ന് തവണയും ലോക്‌സഭയിലെത്തിയത്. 2017ൽ കോൺഗ്രസിൽ ചേർന്നു.
മുഹമ്മദ് കൈഫ്
ഉത്തർ പ്രദേശിലെ ഫുൽപൂരിൽ നിന്ന് 2014ലായിരുന്നു മുഹമ്മദ് കൈഫ് മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കൈഫ് പരാജയപ്പെട്ടു.
മുഹമ്മദ് അസറുദീൻ
മൂന്ന് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച അസറുദീൻ കോൺഗ്രസ് സ്ഥാനാർഥിയായി മൊറാദാബാദിൽ നിന്ന് 2009ൽ വിജയിച്ചു. എന്നാൽ 2014ൽ ടോങ്കിൽ നിന്ന് മത്സരിച്ച അസറുദീൻ പരാജയപ്പെടുകയായിരുന്നു.
ഗൗതം ഗംഭീർ
2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീർ 2019ൽ ഈസ്റ്റ് ഡൽഹിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചാണ് പാർലമെന്റിലെത്തിയത്.
English Summary:
Former Indian cricketer Mohammad Azharuddin’s bungalow in Lonavala was burgled, with ₹50,000 in cash and a television set reported stolen. The bungalow is owned by his wife, Sangeeta Bijlani. According to a senior official from Pune Rural Police, the theft occurred between March 7 and July 18.