വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം
ഇടുക്കി നെടുങ്കണ്ടം ചാറൽമേട്ടിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വക ഗവ. ആയുർവേദ ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി.
തുടർന്ന് ആക്രമം നടത്തുകയും ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാറല്മേട് കല്ലേലുങ്കല് ബിജുമോന് ബാബു (29) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ആശുപത്രിയിൽ വന്ന ബിജുമോൻ ശരീര വേദനയ്ക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മറ്റ് രോഗികളും ഇവിടെ ഉണ്ടായിരുന്നു. ഡോക്ടര് മീറ്റിങ്ങിന് പോയിരുന്നു.
കുഴമ്പ് വാങ്ങി പുറത്തിറങ്ങിയ ബിജുമോന് വനിതാ ജീവനക്കാരെ അസഭ്യം പറയുകയും നഗ്നതാ പ്രദര്ശനം നടത്തുകയും റോഡിനിന്നും വലിയ കല്ലുകൾ പെറുക്കി ജനല് ചില്ലുകള്ക്ക് നേരെ തുടർച്ചയായി എറിയുകയും ചെയ്തു.
കെട്ടിടത്തിന്റെ മുകൾ നിലയില് പ്രവര്ത്തിക്കുന്ന യോഗാ ഹാളിന്റെ ചില്ലുകളാണ് എറിഞ്ഞു തകർത്തത്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടര്ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പൊതുമുതൽ നശിപ്പിച്ചതിന് ഉള്പ്പെടെയുള്ള വകുപ്പുകള് ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു.
ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഭർത്താവും മരിച്ചു
തൃശൂര്‍: ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഭർത്താവും മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്.
വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്‌സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്.
വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളില്‍ നിന്നും ദമ്പതികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം സംഭവിച്ചിരുന്നു. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിന്റെ മാല കാണാനില്ല
പൂന്തുറ: വീടിനകത്ത് ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണം കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത യുവാവ് പിടിയിൽ. മാണിക്യവിളാകം സമ്മില്‍ മോനെ(23)ആണ് പൂന്തുറ പൊലീസ് പിടികൂടിയത്.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 15ന് അര്‍ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടന്ന കുട്ടിയുടെ ഒരു പവന്‍ വരുന്ന മാല കവരുകയായിരുന്നു.
പിന്നാലെ അമ്മയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചുമാറ്റുകയും ചെയ്ത ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബീമാപളളി, മാണിക്യവിളാകം അടക്കമുളള മേഖലകളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഇയാൾ സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് അറിയിച്ചു.