ആൺ-പെൺ ദൈവങ്ങളുടെ പട്ടികവേണം
തിരുവനന്തപുരം: സെൻസർ ബോർഡിൻ്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഇത്തരത്തിൽ അപേക്ഷ നൽകിയത്.
ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ദൈവങ്ങളുടെ പേരുകളുള്ള പട്ടിക കാണാത്തത് കൊണ്ടാണ് അപേക്ഷ കൊടുക്കേണ്ടി വന്നതെന്ന് ഹരീഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
തുടങ്ങാനിരിക്കുന്ന തൻ്റെ പുതിയ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയിൽ പറയുന്നുണ്ട്.
തൻ്റെ സിനിമയിൽ ലൈംഗിക അക്രണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയും ഇവ ചെയ്യാൻ ഉദ്ദേശിച്ചാണ് ഈ വിവരങ്ങൾ തേടുന്നതെന്നും അപേക്ഷയിൽ പറയുന്നു.
‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരിനെചൊല്ലി സെൻസർ ബോർഡ് ഉയർത്തിയ തടസങ്ങൾ കോടതി കയറിയതിന് പിന്നാലെയാണ് ഹരീഷ് വാസുദേവന്റെ വ്യത്യസ്തമായ നീക്കം.
പൊതുതാൽപ്പര്യം മുൻനിർത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാൻ ബോർഡ് മുൻകൈ എടുത്തില്ലെങ്കിൽ ലിസ്റ്റ് കിട്ടുമ്പോൾ താൻ പ്രസിദ്ധീകരിക്കാമെന്നും ഹരീഷ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ജാനകി മാറ്റി ‘ജാനകി വി’ എന്നാക്കും
കൊച്ചി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ ആണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു.
ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കി മാറ്റും.
രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും എന്ന് നിർമാതാക്കൾ വ്യക്തമാക്കി.
എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരം നടക്കുന്നതിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് പറഞ്ഞു.
വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. പേരിൽ കഥാപാത്രത്തിന്റെ ഇനീഷ്യൽ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. അതുകൊണ്ട് തന്നെ ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും.
ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും,
ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് പറഞ്ഞു.
ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് ഇത്ര വേദനിപ്പിക്കുന്നതെന്ന് കോടതി
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് ഇത്ര വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.
ജാനകി എന്ന പേരിൽ എന്താണ് കുഴപ്പമെന്ന് സെൻസർ ബോർഡ് മറുപടി നൽകണം. സിനിമയ്‌ക്ക് എന്ത് പേരിടണമെന്ന് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു.
സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും ജെഎസ്‌കെയ്‌ക്ക് അനുമതി നിഷേധിച്ച കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തേ പരിഗണിച്ചിരുന്നു.
നേരത്തെയും കേസ് പരിഗണിച്ചപ്പോൾ ഇത്തരത്തിൽ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.
മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നായിരുന്നു കോടതിയിൽ സെൻസർ ബോർഡിന്റെ വിശദീകരണം. ജാനകിയെന്ന പേര് മാറ്റാൻ നിർമാതാക്കൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.
English Summary:
Advocate Harish Vasudevan has filed a Right to Information (RTI) application seeking the list of male and female deities maintained by the Central Board of Film Certification (CBFC). He stated in a Facebook post that the application was submitted because such a list was not available on the CBFC’s official website.