പടനയിക്കാൻ ഏറ്റവും മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്നു കണക്കാക്കാവുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ
കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളെയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്.
ഇതിൽ വിജയം കണ്ടാൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിൽ മികച്ച ഉണർവ് ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ.
തദ്ദേശത്തിൽ വർഷങ്ങളായി എൽഡിഎഫ് നേടുന്ന മേൽക്കൈ അവസാനിപ്പിക്കാൻ ആണ് പുത്തൻ തന്ത്രങ്ങൾ മെനയുന്നത്.
ഇതിനായി കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളെ തന്നെ പട നയിക്കാൻ ഇറക്കാനാണ് കെപിസിസിയുടെ ശ്രമം.
കൊച്ചി കോർപ്പറേഷൻ പിടിക്കുന്നതിനായി എറണാകുളം ജില്ലയുടെ ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ട് ഏറ്റെടുത്തേക്കും.
കോട്ടയം ജില്ലയുടെ ചുമതല ബെന്നി ബഹനാനും, കോഴിക്കോട് ജില്ലയുടെ ചുമതല രമേശ് ചെന്നിത്തലക്കും ആകുമെന്നാണ് സൂചന.
ഒരു ഘട്ടത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരെ പേര് ഉയർന്നുവന്ന അങ്കമാലി എംഎൽഎ റോജി എം ജോണിനാകും തൃശ്ശൂർ ജില്ലയുടെ ചുമതല.
ഡിസിസി പുനസംഘടന ഉൾപ്പെടെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനം പിടിക്കുന്നതിനായി കെ മുരളീധരനെ കളത്തിൽ ഇറക്കാനും ആലോചനകൾ ഉണ്ട്.
കണ്ണൂർ പിടിക്കുന്നതിനായി കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇറങ്ങുമെന്നും സൂചനയുണ്ട്.
സദാനന്ദന്റെ അല്ല ഇത് സതീശന്റെ സമയം
ഇന്ന് കോൺഗ്രസിലേയും യുഡിഎഫിലേയും കരുത്തനായ നേതാവ് ആര് എന്ന് ചോദിച്ചാൽ, ഒറ്റ ഉത്തരമെ ഉള്ളു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
2021-ൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് ശേഷം സതീശൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അന്ന് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം എല്ലാവരും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
പിന്നീട് ഇങ്ങോട്ട് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം, സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് കൊണ്ടുവരൽ തുടങ്ങിയ കടുത്ത തീരുമാനങ്ങളും സതീശന്റേതായിരുന്നു.
പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിലെ അനന്തരഫലങ്ങൾ പൂർണ്ണമായും തന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് ചങ്കുറപ്പോടെ പറയാൻ പോലും ധൈര്യപ്പെട്ടു.
എന്നാൽ തന്ത്രങ്ങളിൽ എന്തെങ്കിലും തിരിച്ചടി നേരിട്ടാൽ അദ്ദേഹത്തിന്റെ ഭാവി അപകടത്തിലാകുമായിരുന്നു.
അതുകൊണ്ടുതന്നെ രാഷ്ട്രീയമായി അത് അപകടകരമായ ഒരു നീക്കമായിരുന്നു. ആദ്യം പാലക്കാട് ഉദിച്ച ശുക്രൻ പിന്നീട് നിലമ്പൂരിലെത്തിയപ്പോൾ ഉച്ചിയിലെത്തി.
പാർട്ടിയിൽ സ്വന്തമായി ഒരു ഉൾഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണവും ഒരുകാലത്ത് ശക്തരായിരുന്ന
‘ഐ’ ഗ്രൂപ്പിന്റെ ശിഥിലീകരണവും സൃഷ്ടിച്ച ശൂന്യത ഇല്ലാതാക്കും വിതം സതീശൻ ഓരോ ജില്ലയിലും സ്വന്തം ആളുകളെ തിരഞ്ഞെടുത്തു.
കെ. സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരുമായി ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചെങ്കിലും, അതിനേയും തരണം ചെയ്തു.
സതീശന്റെ മാസ്റ്റർ സ്ട്രോക്കായ ‘ഓപ്പറേഷൻ സന്ദീപ് വാര്യർ’ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിച്ചു എന്നു പറയാം.
കേവലമൊരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സംസ്ഥാനത്തെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് അഗ്‌നിപരീക്ഷ തന്നെയായിരുന്നു അടുത്തകാലത്തായി നടന്ന നിലമ്പൂർ തെരഞ്ഞെടുപ്പ്.
യുഡിഎഫിന് ജയം അനിവാര്യമായ മത്സരത്തിൽ ഏത് വിട്ടുവീഴ്ചയ്ക്കും പാർട്ടികൾ തയ്യാറാകുന്ന സാഹചര്യം തിരിച്ചറിഞ്ഞ് പി.വി.അൻവർ വിലപേശൽ തന്ത്രങ്ങളുമായി ഇറങ്ങി.
ആദ്യം താൻ പറയുന്ന സ്ഥാനാർഥിയെ യുഡിഎഫ് നിർത്തണമെന്നായിരുന്നു. അതു കഴിഞ്ഞ് മുന്നണിയിലെടുത്താൽ പിന്തുണയെന്ന നിലയിലേക്കെത്തി.
രണ്ടു തവണ എംഎൽഎ ആയിട്ടുള്ള മണ്ഡലത്തിൽ വ്യക്തമായ സ്വാധീനം ഇതിനോടകം തെളിയിച്ച അൻവറിനെ ഒപ്പംനിർത്താൻ
യുഡിഎഫിലെ ബഹു ഭൂരിപക്ഷ നേതാക്കളും ശ്രമിച്ചു. എന്നാൽ വി.ഡി.സതീശനെന്ന ഒറ്റയാന് മുന്നിൽ അൻവറിന്റെ തന്ത്രങ്ങൾ പാളി.
‘യുഡിഎഫിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്നത് അൻവറിന് തീരുമാനിക്കാം. അത് കഴിഞ്ഞ് യുഡിഎഫ് പറയാം’ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സതീശൻ പലതവണ വ്യക്തമാക്കുകയായിരുന്നു.
നിലമ്പൂരിലെ വിജയത്തിനായി വിട്ടുവീഴ്ചയ്ക്ക് മുസ്ലിംലീഗ് നേതാക്കൾ ഒന്നടങ്കം സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല.
അൻവറിനെ മുന്നണിയിലെടുത്താൽ ഭാവിയിലുണ്ടാകുന്ന പൊല്ലാപ്പ് സതീശൻ നേതൃത്വത്തിന് മുന്നിൽ വക്കുകയായിരുന്നു.
അൻവറില്ലാതെ തന്നെ കോൺഗ്രസിനും യുഡിഎഫിനും നിലമ്പൂരിൽ ജയിക്കാമെന്ന ആത്മവിശ്വാസവുമാണ് സതീശന്റെ ഉറച്ച നിലപാടിന് പിന്നിൽ. വലിയ റിസ്‌ക് ആയിരുന്നു അത്.
ഫലം വന്നപ്പോൾ പി.വി.അൻവർ കരുത്ത് കാട്ടിയിട്ടും പതിനായിരത്തിലേറെ വോട്ടിന് യുഡിഎഫ് സ്ഥാനാർഥിക്ക് ജയിക്കാനായി. ഇതൊടെ തെളിഞ്ഞത് സതീശന്റെ സമയമായിരുന്നു.
2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ അജൻഡകൾ
2016ൽ ന്യൂനപക്ഷ പ്രീണനം ആയിരുന്നെങ്കിൽ 2026ൽ സംഘപരിവാർ ബാന്ധവമായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുക.
2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അജൻഡകൾ ഏറെക്കുറെ തീരുമാനിച്ച് ഉറപ്പിച്ച മട്ടിലാണ് മുന്നണികൾ.
2011 മുതൽ 2016 വരെ അധികാരത്തിലിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലാണ് പ്രതിക്കൂട്ടിലായത്.
എന്നാൽ അതിന് സമാനമായി വരുന്ന തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെ സംഘപരിവാർ കൂട്ടിൽകെട്ടിയുള്ള പ്രചാരണത്തിനാണ് വി.ഡി സതീശൻ തന്ത്രം മെനയുന്നത്.
ജമാ അത്തെ ഇസ്ലാമി കൂടി ഒപ്പം വന്നതോടെ ആ പ്രചാരണം അവർ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഉറപ്പിച്ചിട്ടുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ജിഹ്വകൾ ഈ പ്രചാരണത്തിന് കൊഴുപ്പുകൂട്ടിയിട്ടുണ്ട്.
നേരത്തെ മുതൽ തന്നെ അവർ അത്തരമൊരു പ്രചാരണമാണ് ഇടതുപക്ഷത്തിനെതിരെ, പ്രത്യേകിച്ച് സി.പി.എമ്മിനെതിരെ നടത്തികൊണ്ടിരുന്നത്.
സി.പി.എം നേതാക്കളെ സംഘപരിവാറുമായി ബന്ധപ്പെടുത്തി പുതിയ വിശേഷണങ്ങൾ വരെ അവർ നിർമ്മിക്കുകയും ചെയ്തിരുന്നു.
ആ പ്രചാരണത്തിന് ഇനി കൂടുതൽ സംഘടിതരൂപം വരുമെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ നൽകുന്ന സൂചന.
വി.ഡി. സതീശൻ പ്രതിപക്ഷനേതാവായി ചുമതലയേറ്റതു മുതൽ തന്നെ ഇത്തരം പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നടന്നിരുന്നു.
ഏറ്റവും ഒടുവിൽ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിൽ മാലയിട്ട് പരിപാടി സംഘടിപ്പിക്കാനുള്ള
സംഘപരിവാർ നീക്കത്തെ എസ്.എഫ്.ഐ എതിർത്തതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സതീശൻ ശ്രമിച്ചത്.
സെനറ്റ് ഹാളിന്റെ പൂർണ്ണ ഉത്തരവാദത്തം വിസിക്ക് ആണെന്നിരിക്കെ, സർക്കാരിന്റെ ശ്രദ്ധയില്ലായ്മയാണ് അതിന് വഴിവച്ചത് എന്നാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഇതിനെതിരെ സിപിഎമ്മിൽ നിന്നോ, സർക്കാരിൽ നിന്നോ പോലും ഒരു പ്രതിരോധവും ഉണ്ടായിട്ടുമില്ല.
കോൺഗ്രസുകാർ മുൻപും സംഘപരിവാർ ബന്ധം ഉന്നയിച്ച് സി.പി.എമ്മിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു.
അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അതിനെതിരെ ശക്തമായി തിരിച്ചടിക്കുകയും,
ആ ആരോപണങ്ങളുടെ കുന്തമുന യു.ഡി.എഫിലേക്ക് തന്നെ തിരിച്ചുവച്ച് അവരെ പ്രതിസന്ധിയിൽ ആക്കുകയും ചെയ്തിരുന്നു.
എന്നാൽ പിണറായി മുഖ്യമന്ത്രിയായ ശേഷം അത്തരം പ്രതിരോധങ്ങൾ തീർക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് ആരോപണം ശക്തമാണ്.
യു.ഡി.എഫിന്റെ ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിന് പകരം
അവർക്ക് ഇന്ധനം നൽകുന്ന തരത്തിൽ ആർ.എസ്.എസുമായി സിപിഎമ്മിന് ബന്ധമുണ്ടായിരുന്നുവെന്ന് വിളിച്ചുപറയുകയാണ് പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചെയ്തത്.
ഇത് നേതൃയോഗങ്ങളിൽ വലിയ വിമർശനമായി ഉയർന്നിട്ടുമുണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ 2016ലെ തെരഞ്ഞെടുപ്പിന് മുൻപ് ഉമ്മൻചാണ്ടി സർക്കാർ കടന്നുപോയ അതേ പ്രതിസന്ധിയിലൂടെയാണ് പിണറായി സർക്കാരും കടന്നുപോകുന്നത്.
അന്ന് യുഡിഎഫ് സർക്കാരിനെതിരെ ഉയർന്നത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ഇന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ ഉള്ളവർ അത് ഉന്നയിച്ചിട്ടുമുണ്ട്.
ലീഗിന് അഞ്ചാം മന്ത്രിയെ നൽകിയതും പിന്നെ കുഞ്ഞൂഞ്ഞ് (ഉമ്മൻചാണ്ടി) കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ ബന്ധപ്പെടുത്തിയുള്ള പ്രചാരണവും പലകോണുകളിൽ നിന്നും ശക്തമായിരുന്നു.
അത് അന്നത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. കോൺഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന
നായർ സമുദായത്തിലെ ഒരുവിഭാഗം ഉൾപ്പെടെ ബി.ജെ.പി പാളയത്തിൽ എത്തിയതിൽ ആ പ്രചാരണത്തിന് വലിയ പങ്കുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
ന്യൂനപക്ഷ പ്രീണനം എന്നതിന് പകരം സംഘപരിവാർ ബാന്ധവം
സമാനമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഉരുത്തിരിഞ്ഞ് വരുന്നത് എന്നാണ് സൂചനകൾ. ന്യൂനപക്ഷ പ്രീണനം എന്നതിന് പകരം സംഘപരിവാർ ബാന്ധവം എന്നതാണ് ആരോപണം.
ഇതിനെ സി.പി.എമ്മും ഇടതുമുന്നണിയും എങ്ങനെ പ്രതിരോധിക്കും എന്നതിലായിരിക്കും മൂന്നാം ടേം എന്ന സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിലനിൽപ്.
അന്ന് യു.ഡി.എഫ് കടന്നുപോയ സാഹചര്യത്തിൽ നിന്നും ഇടതുമുന്നണിക്ക് ഇപ്പോഴുള്ള ഏക ഗുണം സംഘപരിവാർ,
സി.പി.എമ്മിനെയും പിണറായി വിജയനേയും, യു.ഡി.എഫ് എതിർക്കുന്നതു പോലെയോ അതിലുപരിയോ ശക്തമായി എതിർക്കുന്നു എന്നുള്ളത് മാത്രമാണ്.
ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദു മരിച്ച സംഭവത്തിൽ
സർക്കാരിനെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെത്തുന്നത്.
വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ഉയർന്ന പ്രതിഷേധത്തിനപ്പുറമാണ് ഇപ്പോൾ നടക്കുന്നത്.
അന്ന് യുഡിഎഫ് ആണ് ഭരിച്ചിരുന്നതെങ്കിൽ ഇന്ന് എൽഡിഎഫ് ആണെന്ന് മാത്രം. ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് സതീശൻ പറയുന്നത്.
മന്ത്രിമാർ ആരും ബിന്ദുവിന്റെ വീട്ടിൽ പോവുകയോ അവരെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സതീശൻ വിമർശിച്ചു.
ബിന്ദുവിന്റെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിൽനിന്നൊരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
English Summary:
The Congress party is gearing up to mobilize all its organizational wings to function like a well-oiled machine in the upcoming local body elections, which are being seen as a semifinal to the forthcoming Assembly elections.