ആലപ്പുഴ: ആലപ്പുഴയിൽ വന്‍ തീപ്പിടിത്തം. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിനു തെക്കുവശത്ത് ബ്രാഹ്മണ സമൂഹമഠത്തോടു ചേർന്ന അഗ്രഹാരത്തിലാണ് തീപിടുത്തമുണ്ടായത്.
വെള്ളിയാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ടുവീട് പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഠത്തുംമുറി അഗ്രഹാരത്തിലുള്ള കൈലാസിൽ ഉഷാ മോഹനന്റെ വീടിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ ഇതോടുചേർന്നുള്ള മകൻ അരവിന്ദ് മോഹനന്റെ വീട്ടിലേക്കും തീപടരുകയായിരുന്നു. ഈ വീടുകളാണ് പൂർണമായും കത്തിയത്.
തുടർന്ന് തൊട്ടടുത്ത രണ്ടുവീടുകളിലേക്കും തീ പടർന്നു. അരവിന്ദിന്റെയും ഉഷയുടെയും വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വലിയ അപകടം ആണ് ഒഴിവായത്. രണ്ടുതവണ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. പുറത്തിറങ്ങി നോക്കുമ്പോൾ വീടു കത്തുന്നതാണു കണ്ടത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആലപ്പുഴ നിലയത്തിൽ നിന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. അഗ്രഹാരത്തിലെ തടികൊണ്ടു നിർമ്മിച്ച വീടുകളാണ് കത്തിനശിച്ചത്.
തൊട്ടുചേർന്ന് ഏഴുവീടുകളാണ് അഗ്രഹാരത്തിലുള്ളത്. സമൂഹമഠത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് വ്യാപാരശാലകളുമുണ്ട്. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.