കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായതും മഴയൊന്ന് മാറിയാൽ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തിൽ യാത്രക്കാർ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോയിൽ.
നേരത്തെ എത്തിയ മൺസൂൺ സംസ്ഥാനത്ത് മെയ് അവസാനവാരത്തിൽ തന്നെ കനത്ത മഴയ്ക്കിടയാക്കിയിരുന്നു. ഈ ദിവസങ്ങൾക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളിൽ തന്നെ മെട്രോയിൽ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വർധിച്ചുകഴിഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മറന്നുവെച്ചത്. വൈറ്റിലയിൽ നിന്നും ആറെണ്ണവും കടവന്ത്രയിൽ നിന്ന് നാലെണ്ണവുമാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞ സീസണിലെ ട്രെൻഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
766 കുടകളാണ് കഴിഞ്ഞ വർഷം കൊച്ചി മെട്രോയിൽ നിന്നും ആകെ ലഭിച്ചത്. ഇതിൽ 30 എണ്ണം മാത്രമാണ് മടക്കി നൽകിയത്. തങ്ങളുടെ പക്കൽ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, കുടകൾ മാത്രമല്ല മെട്രൊയിൽ നിന്ന് ഉടമസ്ഥരില്ലാത്ത നിലയിൽ ലഭിക്കാറുള്ളത്.
ഹെൽമറ്റ്, പണം, വാച്ച്, ബാഗ്, രേഖകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ കൊച്ചി മെട്രോയുടെ വെബ് സൈറ്റിൽ ഉൾപ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകൾ സമർപ്പിച്ച് തിരികെ സ്വന്തമാക്കാൻ അവസരം ഉണ്ടെന്നും മെട്രോ അധികൃതർ പറയുന്നു.
ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷൻ കൺട്രോളർക്ക് കൈമാറുന്നതാണ് മെട്രോയിലെ രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തി സുക്ഷിക്കും.
ഈ വിവരങ്ങളാണ് പിന്നീട് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വസ്തുക്കൾ കണ്ടെത്തിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഉടമസ്ഥർ എത്തിയില്ലെങ്കിൽ അത് സ്റ്റേഷനുകളിൽ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വർഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും മെട്രോയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
കെഎംആർഎല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇതിൽ 123 എണ്ണം ഉടമസ്ഥർക്ക് തിരികെ നൽകിയിരുന്നു.
മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോൾ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകൾ (കാർഡുകൾ ഉൾപ്പെടെ) ബന്ധപ്പെട്ടവർക്ക് അയച്ചുനൽകിയിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കുന്നു.