ഫേസ്ബുക്കിൽ വൻ വിവര ചോർച്ച. 120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്രയധികം ആളുകളുടെ ചിത്രങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക്‌വെബിൽ വില്പനയ്‌ക്കെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബാങ്ക് അക്കൗണ്ടുകൾ, ആരോഗ്യ പോർട്ടലുകൾ, കോർപ്പറേറ്റ് സിസ്റ്റങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെ ഇതുവഴി ചോർത്തപ്പെട്ടു.
വെബ് സ്ക്രാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫേസ്ബുക്കിന്റെ ചരിത്രത്തിലെ വലിയ വിവരച്ചോർച്ച നടത്തിയിരിക്കുന്നതെന്നാണ് വിവരം.
ഒറ്റയടിക്ക് ലക്ഷങ്ങളുടെ വിവരം ചോർത്തുന്ന സാങ്കേതിക വിദ്യയാണ് വെബ് സ്ക്രാപ്പിംഗ് എന്നു പറയുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾ എല്ലാം ആശങ്കയിലാണ്.
ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ, വീഡിയോ, പാസ്‌വേഡുകൾ, സ്ഥലം, വയസ്, ബന്ധുവിവരം, മെയിൽ ഐ.ഡി തുടങ്ങിയവയാണ് ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിലുള്ള പഴുതുകളാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെട്ടത്. ബൈറ്റ് ബ്രേക്കർ എന്ന പ്രൊഫൈലിലാണ് ഡാർക്ക്‌വെബിന് വിവരങ്ങൾ വിറ്റത്.
ഇത്തരത്തിലുള്ളവിവരങ്ങൾ വിൽക്കാൻ പണവും ക്രിപ്റ്റോകറൻസിയുമെല്ലാം ഡാർക്ക്‌വെബ് കൈപ്പറ്റുന്നുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങൾക്കായും വിവരങ്ങൾ വിൽക്കുന്നു.
ലഹരി ഉത്പന്നങ്ങൾ പകരം നൽകാമെന്ന വാഗ്‌ദാനത്തിൽ വീണ വിദ്യാർത്ഥികളും ഫേസ്ബുക്ക് വിവരങ്ങൾ ഹാക്ക് ചെയ്യുന്നുണ്ട്. അതേസമയം ഡാർക്ക് വെബിലെ കുറ്റവാളികളെ കണ്ടെത്താൻ പ്രയാസമാണ്. സൈബർ രംഗത്തെ ഗവേഷകരായ സൈബർ ന്യൂസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രമുൾപ്പെടെ നിർമ്മിക്കാനാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്നത്. ഇതിനായി നിർമ്മിതബുദ്ധിയും ഉപയോഗപ്പെടുത്തുന്നുണ്ട്.
വേം ജി.പി.ടി പോലുള്ള അനധികൃത എ.ഐ ടൂളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യക്തിവിവരം കമ്പനികൾക്ക് വിറ്റ് ബിസിനസ് സർവേയുടെയും അഭിപ്രായ രൂപീകരണത്തിന്റെയും ഭാഗമാക്കും. ബാങ്ക് വിവരമുപയോഗിച്ച് പണം തട്ടും.
സ്വകാര്യവിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ഇത്തരം വിവര ചോർച്ചകളുടെ ഇരകളാകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് സൈബർ വിദഗ്ധർ പറയുന്നു.
അക്കൗണ്ട്പാസ്‌വേഡുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുന്നതും നല്ലതാണ്. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇക്കൂട്ടർ മുന്നറിയിപ്പ് നൽകുന്നു.