കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണാതീതം. സമീപത്തെ കടകളിലേക്കും തീ പടർന്നു പിടിച്ചിരിക്കുകയാണ്.
തീപിടിത്തത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ വലിയ തോതിൽ കറുത്ത പുക പടർന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളോടും കോഴിക്കോട്ടേക്ക് എത്താൻ നിർദേശം നൽകി
അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പ്രതികരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്.
തീപിടുത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങളും സൂക്ഷിച്ചിരുന്നു. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം.
മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടറും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ബസ് സ്റ്റാൻഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിൽ ഇന്ന് വൈകിട്ടാണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയിലാണ് തീ പടർന്നത്.









