കൊല്ലം: റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ ആർ മധുവിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ജില്ല പൊലീസ് സൂപ്രണ്ടിന് ആണ് പരാതി നൽകിയത്.
സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന് ഉദ്ദേശിച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധു പറഞ്ഞത്. വേടന്റെ പാട്ട് വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ് എന്നായിരുന്നു മധുവിന്റെ വിമർശനം.
വേടനെന്ന കലാകാരന് പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‍നം കണ്ട് കഴിയുന്ന ശക്തികൾ ആണെന്നും മധു ആരോപിച്ചിരുന്നു.
ആപത്ഘട്ടത്തിൽ പോലും കേരളവുമായി സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ഘട്ടത്തിൽ പോലും കേരളവുമായി സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.
പാലത്തിന് നൽകേണ്ട സഹായം പോലും നൽകുന്നില്ലെന്നും കുറ്റപ്പെടുത്തി. കേരളത്തിന് അർഹതപ്പെട്ടത് പോലും നിഷേധിക്കപ്പെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു.
തൃശൂരിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ട് തരം ചിന്താഗതിയുള്ളവരാണ് ഉള്ളത്. എന്നാൽ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് മഹാഭൂരിഭാഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ ചെറിയൊരു വിഭാഗം വികസനം ഇപ്പോൾ വേണ്ട എന്ന് ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോൾ വേണ്ട എന്ന നിലപാട് നാട് അംഗീകരിക്കുന്ന അവസ്ഥ വന്നിരുന്നെങ്കിൽ ഇപ്പോഴുണ്ടായ നേട്ടം ഉണ്ടാവില്ലായിരുന്നു. 2016 ന് ശേഷം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് ഒന്നിന് പുറകെ ഒന്നായി നമ്മൾ അഭിമുഖീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.









