ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തെ തുടർന്നാണ് കോടതി സ്റ്റേ അനുവദിച്ചത്.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കഴിഞ്ഞ ദിവസമാണ് കെ.എം. എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നൽകിയ ഹർജിയിൽ സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോൻ പുത്തൻപുരയ്ക്കൽ, സംസ്ഥാന സർക്കാർ തുടങ്ങിയവർക്കാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്.
എന്നാൽ വരുമാനത്തിന്റെ രേഖകൾ ഹാജരാക്കാൻ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാൽ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ എം എബ്രഹാം കോടതിയിൽ മറുപടി നൽകിയത്. സിബിഐ അന്വേഷണത്തിന് മുൻകൂർ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കെ.എം. എബ്രഹാമിന്റെ അപ്പീൽ പരിഗണിച്ചത്. ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു.
മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ പറഞ്ഞു.
പ്രോസിക്യൂഷൻ അനുമതിയില്ലാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുള്ളതായി എബ്രഹാമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ.ബസന്തും അഭിഭാഷകൻ ജി.പ്രകാശും അറിയിച്ചു.