കൊച്ചി: ലഹരി ഉപയോഗിച്ച് പ്രമുഖ നടൻ സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അഭിനേതാക്കളുടെ സംഘടന അമ്മ. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്നും വിൻസി ഉന്നയിച്ച കാര്യങ്ങളിൽ പൂർണ പിന്തുണയെന്നും അമ്മ പറഞ്ഞു.
എന്നാൽ വിൻസി ഔദ്യോഗികമായി സംഘടനയ്ക്ക് പരാതി നൽകിയിട്ടില്ല. പരാതി നൽകിയാൽ ഉടൻ നടപടിയെന്നും അഭിനേതാക്കളുടെ സംഘടന പ്രതികരിച്ചു. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും താരസംഘടന അറിയിച്ചു.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ നടന്റെ പേര് പരാമർശിച്ചിട്ടില്ല. അതേസമയം വിൻസി പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് ഡബ്ല്യുസിസിയും അറിയിച്ചു.