മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും, മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണി(34)നെ മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 02/2025 കേസിലേക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ നമ്പറുകളിൽ നിന്നും പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികൾ, പരാതിക്കാരിക്കെതിരെ മുബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി.
ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പർ ആണെന്നും, നിലവിലുള്ള മൊബൈല്‍ നമ്പര്‍ ഉടനെ ഡിസ്കണക്ട് ആകും എന്നും ഭീഷണിപ്പെടുത്തുകയും, പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്‌സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരി ആധാർ കാർഡ് കാണിച്ചതിൽ അവർ കേസിൽ ഉൾപ്പെട്ടതിന് അവരുടെ കൈയിൽ തെളിവുകളുണ്ടെന്നും ആയതിന് അറസ്റ്റ് വാറണ്ട് നിലവിലുള്ളതായും കേസില്‍ പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും പറയുകയും ചെയ്യുകയായിരുന്നു.
പല പ്രാവിശ്യം പ്രതികൾ വീഡിയോ കോളുകളും വോയിസ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു.
കേസ്സ് അവസാനിപ്പിക്കുന്നതിന് പണം ആവശ്യപ്പെടുന്നത് എന്ന് പ്രതികൾ പറഞ്ഞ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി തുടര്‍ന്ന് പരാതിക്കാരി കടുത്ത മാനസിക സമ്മർദ്ദത്തിലായി പ്രതിളുടെ അക്കൌണ്ടുകളിലേക്ക് 93 ലക്ഷം രൂപ അയച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പി വി. ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്‍. ഐ സിയുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ സൈബര്‍ പോലീസ് ടീം എസ്.ഐമാരായ അബ്ദുല്‍ ലത്തീഫ്, നജുമുദ്ധീന്‍. കെ.വി.എം, എ.എസ്.ഐ റിയാസ് ബാബു, സി.പി.ഒ മാരായ കൃഷ്ണേന്ദു, മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍, ജയപ്രകാശ്, എന്നിവര്‍ നടത്തി അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
വാട്‌സ്ആപ്പിൽ അജ്ഞാത നമ്പറിൽനിന്നും വരുന്ന ഈ ചിത്രം ഡൌൺലോഡ് ചെയ്യരുത്… പുതിയ തട്ടിപ്പാണത്..!
വാട്‌സ്ആപ്പിൽ അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നും മുന്നറിയിപ്പ്. ചിത്രങ്ങളുടെ ഉള്ളിൽ വ്യാജ ലിങ്കുകള്‍ ചേർത്താണ് തട്ടിപ്പ് നടക്കുന്നത്.
ഒടിപികള്‍, വ്യാജ ലിങ്കുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍ തുടങ്ങിയ പതിവ് തട്ടിപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇത്തരം തട്ടിപ്പുകളില്‍ ചില ചിത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന വ്യാജ ലിങ്കുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്.
വാട്സ്ആപ്പ് അല്ലെങ്കില്‍ മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഇത്തരം ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. തുടർന്ന് വാട്സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു.
ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും. നിമിഷങ്ങൾക്കുള്ളിൽ ഒടിപി ഉൾപ്പെടെ ഉള്ളവ കൈക്കലാക്കുന്ന സംഘം പണം മുഴുവൻ അപഹരിക്കും.
ചിത്രങ്ങള്‍ക്കുള്ളില്‍ വ്യാജ ലിങ്കുകള്‍ ചേര്‍ക്കാന്‍ സ്റ്റെഗനോഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിങ്കുകള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേക്ക് വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഡൌൺലോഡ് ചെയുന്നതോടെ ഒടിപി അടക്കം ലഭ്യമാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതാണ് രിതി.
ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് അതിലെ രഹസ്യമായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണ് ഈ രീതി. ടെക്സ്റ്റ്, ഇമേജുകള്‍, വിഡിയോ, ഓഡിയോ എന്നിവയുള്‍പ്പെടെ വിവിധ തരം ഡിജിറ്റല്‍ ഉള്ളടക്കം മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം.
ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന ഡാറ്റ പിന്നീട് മറ്റൊരിടത്തേക്ക് പകര്‍ത്താനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യയെ സ്റ്റെഗനോഗ്രഫി എന്നാണ് പറയുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.