തിരുവനന്തപുരം: ഈ വർഷം പിറന്ന് ആദ്യ 2 മാസങ്ങളിലെ 59 ദിവസത്തിനിടെ കേരളത്തിൽ നടന്നത് 70 കൊലപാതകങ്ങൾ. 65 സംഭവങ്ങളിലായാണ് 70 പേർ കൊല്ലപ്പെട്ടിരിക്കുന്നത്.
ഇതിൽ പകുതിയും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. കൃത്യം നടത്തിയതു കുടുംബത്തിലെ ഒരംഗവും കൊല്ലപ്പെട്ടതു മറ്റ് അംഗങ്ങളും അങ്ങനെയാണ് റിപ്പോർട്ട്.
രണ്ടു മാസത്തിനിടെ, സംസ്ഥാനത്തെ കൊലപാതകങ്ങൾ സംബന്ധിച്ച് പൊലീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. സുഹൃത്തുക്കൾ തമ്മിലെ തർക്കമാണു 17 കൊലപാതകങ്ങൾക്ക് കാരണം.
മദ്യപിച്ച ശേഷമുള്ള തർക്കങ്ങൾ കൊലയിലേക്ക് എത്തുകയായിരുന്നു. 3 കേസുകൾ അയൽക്കാർ തമ്മിലെ അതിർത്തി തർക്കമോ സാമ്പത്തിക ഇടപാടോ കാരണമാണ് ഉണ്ടായത്. കുടുംബത്തിനുള്ളിൽ നടന്നതിനാൽ, 50 കേസുകളിൽ പൊലീസിനു പ്രതിരോധ നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മദ്യത്തിന്റെ സ്വാധീനം മൂലം 22 കേസുകളും ലഹരിക്ക് അടിമപ്പെട്ട് 2 കേസുകളും നടന്നു. മിക്ക കൊലപാതകങ്ങളിലും ലഹരിസ്വാധീനം ഉണ്ടെങ്കിലും കൃത്യത്തിനുശേഷം പ്രതി മുങ്ങുന്നതിനാൽ ശരിയായ മെഡിക്കൽ പരിശോധന നടത്താൻ കഴിഞ്ഞല്ല.
ഇതോടെ, പ്രതികളിൽ ലഹരിയുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നില്ലെന്നും പോലീസിൻ്റെ പഠനത്തിലുണ്ട്. 14 പ്രതികൾ കൊല നടത്തുമ്പോൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് അനൗദ്യോഗികമായി വ്യക്തമായിട്ടുണ്ട്.
കുടുംബ ബന്ധങ്ങളിലെ തകർച്ച, വർധിക്കുന്ന കുറ്റവാസന, ലഹരി ഉപയോഗത്തിലെ വർധന, കുട്ടികളിലും ചെറുപ്പക്കാരിലും വർധിക്കുന്ന ആക്രമണ സ്വഭാവം, മാനസികപ്രശ്നങ്ങൾ എന്നിവയെല്ലാം കുറ്റകൃത്യങ്ങളിലേക്കു നയിക്കുകയാണെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറയുന്നു.
അവിഹിതബന്ധത്തെ തുടർന്നുള്ള ശത്രുത മൂലമാണ് 10 കൊലപാതകങ്ങൾ നടന്നത്. മുൻ വൈരാഗ്യം 11 കൊലയ്ക്ക് ഇടയാക്കി. വിഷാദരോഗത്തിന് അടിമപ്പെട്ടതാണ് 4 കൊലപാതകങ്ങൾക്ക് കാരണം.