അച്ഛനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മകന്‍ കസ്റ്റഡിയില്‍
പാലക്കാട്: അന്‍പത്തിയെട്ടുകാരനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമന്‍കുട്ടി(58) ആണ് മരിച്ചത്.
സംഭവത്തില്‍ രാമന്‍കുട്ടിയുടെ മകന്‍ ആദര്‍ശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി 10 മണിയോടെ ആദർശ് ആണ് രാമന്‍കുട്ടി മുറ്റത്ത് വീണുകിടക്കുന്ന വിവരം സമീപവാസികളെ അറിയിച്ചത്. പിന്നാലെ ഇവരുടെ സഹായത്തോടെ രാമന്‍കുട്ടിയെ അകത്ത് കട്ടിലില്‍ കിടത്തി.
പിന്നീട് അച്ഛന്‍ മരിച്ചു എന്ന വിവരം ആദര്‍ശ് തന്നെ ബന്ധുക്കളെയടക്കം വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തി മൃതദേഹം കണ്ട ആളുകള്‍ക്ക് രാമന്‍കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയതോടെയാണ് കൊഴിഞ്ഞാമ്പാറ പൊലീസില്‍ വിവരമറിയിച്ചത്.
അച്ഛന്റേത് സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ആദര്‍ശിന്റെ ശ്രമമായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ രാമന്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് ടീമും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
രാമന്‍കുട്ടിയുടെ ഭാര്യ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആണ് മരിച്ചത്. ഇതിന് ശേഷം അച്ഛനും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാമന്‍കുട്ടി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു എന്നാണ് വിവരം.
സംഭവ ദിവസം ഇരുവരും മദ്യപിച്ചിരുന്നതായി ആദര്‍ശ് പൊലീസിനോട് പറഞ്ഞു. രാമന്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും നിലവില്‍ ആദര്‍ശിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു
കണ്ണൂര്‍: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് യുവതിയെ കൊലപ്പെടുത്തിയത്.
ആക്രമണത്തിനിടെ ജിജേഷിനും 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പരിയാരം മെഡി. കോളേജില്‍ ചികിത്സയിൽ തുടരുകയാണ്. സംഭവം നടക്കുമ്പോള്‍ യുവതിയും പിതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
വെള്ളം ചോദിച്ചാണ് ജിതേഷ് യുവതിയുടെ വീട്ടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു.
വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ചാണ് ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നു.
ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രവീണയുടെ ജീവൻ രക്ഷിക്കാനായില്ല.
ബൈക്കില്‍ എത്തിയാണ് ജിതേഷ് ആക്രമണം നടത്തിയത്. പ്രവീണയും ജിതേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ പ്രശ്നത്തിൽ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുമായിരുന്നു തുടങ്ങിയ വിവരങ്ങളാണ് ലഭിക്കുന്നത്.
അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക വിശകലനം നടത്തി.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി ഇരുവരുടെയും മൊബൈൽ പരിശോധനക്ക് വിധേയമാക്കും.
Summary: A 58-year-old man was found dead in the courtyard of his house in Kozhinjampara, Palakkad. His son Adarsh (26) has been taken into police custody in connection with the incident.