വയനാട് തൃശ്ശിലേരിയിലെ കുമ്പളാട്ടുകുന്നേൽ മാത്യു എന്നയാൾ കുട ഉപയോഗിക്കാതെയായിട്ട് വർഷം 49 കഴിഞ്ഞു. ഇത്തരത്തിൽ ഒരു തീരുമാനത്തിൽ മാത്യു എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥ കുറച്ച് വൈകാരികമാണ്. 1975ലെ മഴക്കാലത്ത് മാത്യുവിന് നഷ്‌ടമായത് ഏഴുകുടകളാണ്. 49 years have passed since Kumbalattukunnel Mathew of Thrissileri, Wayanad did not use an umbrella.
വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ കളഞ്ഞത് രണ്ട് കുടകൾ. പിന്നീട് ഭാര്യയുടെ അച്ഛൻ രണ്ടുതവണയായി വാങ്ങിക്കൊടുത്ത കുടയും താൻ കൊണ്ടുപോയിക്കളഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
കുടയില്ലാതെ വീട്ടിൽവരാൻ പറ്റാഞ്ഞിട്ട് അരിവാങ്ങാൻവെച്ച പൈസയെടുത്ത് കുടവാങ്ങിയിരുന്നു. ഗർഭിണിയായ ഭാര്യയെയും രണ്ടുമക്കളും അടക്കം കുടുംബം അന്നുരാത്രി കിഴങ്ങ് കിളച്ചെടുത്ത് പുഴുങ്ങിയാണ് കഴിച്ചത്. ഭാര്യയുടെ അരഞ്ഞാണം വിറ്റുകിട്ടിയ പണവുമായി സ്വർണം പുതുക്കിവെക്കാൻ കാട്ടിക്കുളം ഗ്രാമീൺ ബാങ്കിൽപ്പോയി. അങ്ങനെലഭിച്ച തുകയിൽനിന്നൊരു കുടകൂടിവാങ്ങി. തിരിച്ചിറങ്ങിയപ്പോൾ കുട കാണാനില്ല.
1975 ജൂലായ് 22-നാണ് മഴയായാലും വെയിലായാലും മാത്യു കുട ചൂടില്ലെന്ന പ്രതിജ്ഞയെടുത്തത്. എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ മഴ പെയ്താൽ ചെറിയമഴയാണെങ്കിൽ അത് നനയും. ടൗണിലും മറ്റുമെത്തിയാൽ കടവരാന്തയിലൂടെയും നടക്കും. ഇനി അതും നടന്നില്ലെങ്കിൽ ഓട്ടോറിക്ഷപിടിക്കും. എന്നാലും കുട വാങ്ങില്ലെന്നത് ഉറച്ച തീരുമാനമാണ്.
അന്നാണ് മാത്യു ആ ചരിത്ര തീരുമാനമെടുക്കുന്നത്. അന്ന് സൂര്യഭഗവാനെനോക്കി ചെയ്ത സത്യമാണ് ഇനി മേലാൽ കുട ചൂടില്ലെന്ന്. അത് മരിക്കും വരെ അങ്ങനെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടവിരുദ്ധപ്രതിജ്ഞയിൽ വീട്ടുവീഴ്ചയില്ലെന്ന് മാത്യു പറഞ്ഞു. ഭാര്യ എൽസി എലിപ്പനിബാധിച്ചു മരിച്ചു.
പിന്നീട് ചെന്നലോടുള്ള ക്ലാരമ്മയെ വിവാഹംചെയ്തു. ക്ലാരമ്മയ്ക്കൊപ്പം തൃശ്ശിലേരി പള്ളിക്കവലയിലുള്ള വീട്ടിലാണ് ഇപ്പോൾ താമസം. എല്ലാദിവസവും കെ എസ് ആർ ടി സി ബസിൽ യാത്രചെയ്യണമെന്ന നിർബന്ധവും മാത്യുവിനുണ്ട്. തൃശ്ശിലേരിയിൽ കെ എസ് ആർ ടി സി ബസ് സർവീസ് തുടങ്ങിയതുമുതൽ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.