ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ അടിമാലി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് കൂടി ഉണ്ടായതാണ് മരണകാരണം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന് 45 ദിവസത്തിന്റെ വാക്‌സിൻ എടുത്തത്. ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത് . ഇതാണോ മരണം സംഭവിക്കാൻ കാരണമെന്ന് സംശയമുണ്ട്.
വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.
12 കാരി നേരിട്ടത് ക്രൂര പീഡനം; യുവതി പിടിയിൽ
തളിപ്പറമ്പ്: പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവതി പിടിയിൽ. തളിപ്പറമ്പ് പുളിമ്പറമ്പിലെ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നതാണ് യുവതിക്കെതിരായ പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംശയം ഉയർന്നുവന്നത്. തുടർന്ന് അധ്യാപിക രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ചൈൽഡ്‌ലൈൻ അധികൃതർ സ്ഥലത്തെത്തി നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം സ്ഥിരീകരിച്ചത്.
പ്രതിയായ യുവതി പെൺകുട്ടിക്ക് സ്വർണ ചെയിൻ വാങ്ങി നൽകിയതായും സൂചനയുണ്ട്. ഒന്നിലധികം തവണ പെൺകുട്ടി ലൈംഗീക പീഡനത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഡനത്തിനാണ് ഇപ്പോൾ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിയായ യുവതിക്കെതിരെ മുമ്പും സമാനമായ കേസ് വന്നിട്ടുണ്ട്. 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിക്കുകയും, പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. ഇതുകൂടാതെ തന്നെ സി.പി.ഐ നേതാവ് കോമത്ത് മുരളിയെ അക്രമിച്ച കേസിലും പ്രതിയാണ് പിടിയിലായ യുവതി.