വയനാട്: വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തിരച്ചിൽ നടത്തുക.From today, 40 teams divided into 6 zones will go for search in Mundakkai and Churalmala region; Inspection within 40 km radius of Chaliyar River
കോസ്റ്റ് ഗാർഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചിൽ നടത്തും. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നു മുതൽ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.
മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. 25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കലക്ടർ പ്രത്യേക പാസ് നൽകും.