മുംബൈയിൽ നാസിക്കിലെ ഒരു ജ്വല്ലറിയിൽ നടന്ന റെയ്‌ഡിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം. പണമായും ബിനാമി പേരിൽ വാങ്ങിയ വസ്തുക്കളായും 116 കോടിയുടെ സ്വത്താണ് മൊത്തത്തിൽ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ജ്വല്ലറിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ജ്വല്ലറിയിൽ ഇട്ടിരിക്കുന്ന സോഫയിലും മുറിയിലെ കിടക്കയ്ക്ക് അടിയിലും നിന്നുമായി 26 കോടി രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് കൂടാതെ 90 കോടി രൂപ മൂല്യം വരുന്ന മറ്റു സ്വത്തു വകകൾ ആണ് പിടിച്ചെടുത്തത്. ഒരേസമയം ജ്വല്ലറി ഉടമയുടെ വീട്ടിലും കടയിലുമായി നടത്തിയ റൈഡിലാണ് ഇത്രയും ഭീമമായ തുക കണ്ടെത്തിയത്. നാസിക്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മഹാലക്ഷ്മി ബിൽഡേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇതിനിടെ, യുപിയിലെ ആഗ്രയില്‍ ചെരുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. അനധികൃതമായി സൂക്ഷിച്ച 53 കോടി രൂപ ആഗ്രയില്‍ നിന്ന് പിടികൂടിയതായി ആദായ നികുതിവകുപ്പ് അറിയിച്ചു.