ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി മുതലാണ് വിവാഹങ്ങൾ നടക്കുക. ഈ സാഹചര്യത്തിൽ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കും.(248 marriages tomorrow at Guruvayur temple)
താലികെട്ട് ചടങ്ങിനായി ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. തുടർന്ന് സമയമാകുമ്പോൾ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും.
തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. കൂടാതെ വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും.
ദര്‍ശന ക്രമീകരണം
ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കുന്നതിനായി ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.