കൊച്ചി: 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എം.സി. റോഡ് ആറു വരിപ്പാതയാക്കി വികസിപ്പിക്കാന്‍ ഭരണാനുമതിയായി. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു റോഡിന്റെ നവീകരണം നടക്കുന്നത്.
അങ്കമാലി -കോട്ടയം -തിരുവനന്തപുരം പാതയുടെ വികസനം മധ്യകേരളത്തിന്റെ മുഖഛായമാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കാലത്ത് കേരളത്തിന്റെ തന്നെ മെയിന്‍ സെന്‍ട്രല്‍ റോഡായിരുന്നു എം.സി. റോഡ്.
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയാണിത്.
സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്‌ക്കും ട്രാഫിക് സര്‍വേയ്‌ക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ 2022 ല്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി 2.25 കോടി റീജണല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിക്കു കൈമാറുകയും ചെയ്‌തിരുന്നു.
ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും സ്‌ഥലമേറ്റെടുപ്പിലേക്കു നീങ്ങുക. റോഡിനാകെ 240.6 കി.മീ. ദൈര്‍ഘ്യമുണ്ട്.
തിരുവനന്തപുരം കേശവദാസപുരത്തുനിന്നു തുടങ്ങി വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി വഴി അങ്കമാലി വരെ നീളുന്ന പാത അങ്കമാലിയില്‍ ദേശീയപാത 47 ലാണു ചേരുന്നത്.
മധ്യ തിരുവിതാംകൂറിന്റെ രാഷ്‌ട്രീയവും വികസനവും സംസ്‌കാരവുമെല്ലാം ഇൗ റോഡിനെ ചുറ്റിപറ്റിയാണുള്ളത്.
1936-ല്‍ തിരുവിതാംകൂറില്‍ നിന്നും പുറത്തിറങ്ങിയ ഭൂമിശാസ്‌ത്ര പാഠപുസ്‌തകത്തില്‍ പലയിടത്തും മെയിന്‍ റോഡ് എന്ന പേരില്‍ മാത്രമായി ഇൗ പാത പരാമര്‍ശിക്കപ്പെടുന്നുണ്ട്. ദേശീയപാതയുണ്ടാകുംമുമ്പ് അങ്കമാലി കഴിഞ്ഞുള്ള കറുകുറ്റി വരെ എം.സി. റോഡ് ഉണ്ടായിരുന്നു.