കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ നാവെഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് ഭാര്യതന്നെ കൊലപ്പെടുടുകയായിരുന്നു.
നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലും ഇയാളുടെ ഭാര്യയുമായ നിധി ദേശ്മുഖ് (24) ആണ് ക്രൂരതയ്ക്ക് പിന്നിൽ. തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്തു.
അമിതമായി മദ്യപിച്ചിരുന്ന ശാന്തനുവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായിരുന്ന നിധി 13നു രാത്രിയാണു കൊലപാതകം നടത്തിയത്. തുടർന്ന്, മൃതദേഹം ഉപേക്ഷിക്കാനായി 3 ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടുകയായിരുന്നു.
പിറ്റേന്ന് പുലർച്ചെ നാലുപേരും കൂടിയാണ് ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളിയത്. ഇവർ കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫൊറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണു മരിച്ചതു ശാന്തനുവാണെന്നു പൊലീസ് കണ്ടെത്തിയത്. തുടർന്ന്, ലോക്കൽ ക്രൈംബ്രാഞ്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണു നിധി പിടിയിലായത്.