മിന്നൽ പരിശോധനയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോഗ്രാം മത്സ്യം പിടികൂടി. പള്ളുരുത്തി വെളി മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മത്സ്യം സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനായില്ല. (200 kg of rotted and wormy fish was found from Palluruthi Veli Market)
ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്.മധുവിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവകുമാർ, വി.എസ്.അഭിലാഷ്, പി.ഷാനു എന്നിവർ ചേർന്നാണ് മത്സ്യം പിടികൂടിയത്. മൊബൈൽ ടെസ്റ്റിങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയത്.
ഐസ് ഇല്ലാതെ ബോക്സിൽ അടുക്കി വച്ച നിലയിലായിരുന്നു മത്സ്യം. പിടിച്ചെടുത്ത മത്സ്യത്തിന് മാസങ്ങളോളം പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയത്.
ഏതാനും മാസങ്ങൾക്ക് മുൻപ് തോപ്പുംപടി, പള്ളുരുത്തി മാർക്കറ്റുകളിൽ നിന്ന് 650 കിലോഗ്രാമിലേറെ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടി നശിപ്പിച്ചിരുന്നു. മോശമായ മത്സ്യം നശിപ്പിക്കുന്നതിനായി ബ്രഹ്മപുരത്തേക്ക് മാറ്റി.