കോഴിക്കോട്: പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് ആളുമാറി പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് പരിക്കേറ്റു. കോഴിക്കോട് മേപ്പയൂരിലാണ് സംഭവം. ചെറുവണ്ണൂര്‍ കണ്ടിത്താഴ പാറക്കാത്ത് മൊയ്തിയുടെ മകന്‍ ആദിലിനെ (18) ആണ് പോലീസ് മർദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേപ്പയൂര്‍ ടൗണിലെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്നതിനിടെ മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആദിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിന് പിന്നാലെ ചെവി വേദനയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ആദില്‍ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിൽ കര്‍ണപുടത്തിന് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
എന്നാൽ ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നാണ് മേപ്പയൂര്‍ പൊലീസിന്റെ വിശദീകരണം. കളമശ്ശേരി പോലീസിനെ സഹായിക്കാന്‍ മേപ്പയൂര്‍ പൊലീസ് ഇടപെട്ടിരുന്നു. യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമായതോടെ തന്നെ വിട്ടയക്കുകയും ചെയ്തു. ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നും മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇ കെ ഷിജു പറഞ്ഞു.