പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിനീതിനെയാണ് സസ്‌പെൻഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി.(12000 rupees bribe for surgery; Adoor General Hospital doctor suspended)
കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. വിനീത് കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. തൻ്റെ സഹോദരിയുടെ ചികിൽസയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ മുഴ മാറ്റാനുള്ള ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോ വിനീത് ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഡോ വിനീതുമായുള്ള ഫോൺ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം കൈമാറിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മാസം 16 നാണ് അടൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സർജൻ ഡോ. വിനീതിനെ കണ്ടു. തുടർന്ന് ചില പരിശോധനകൾ നടത്തി പരിശോധനാ ഫലവുമായി താൻ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാൻ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയിൽ പറയുന്നു.