തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായി ചുമതല ഏറ്റെടുത്ത പിവി അൻവറിന്റെ അപേക്ഷ തള്ളി പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥ്. തനിക്കൊപ്പം നിൽക്കണമെന്ന് പി വി അൻവർ ഗോപിനാഥിനോട് ആവശ്യപ്പെട്ടെങ്കിലും താത്പര്യമില്ലെന്ന് പറഞ്ഞ്ഒഴിഞ്ഞ് മാറുകയായിരുന്നു. ഇന്നലെ രാത്രി എ വി ഗോപിനാഥിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് പി വി അൻവർ ഇത്തരത്തിൽ ചർച്ച നടത്തിയത്.
അതിനിടെ ആര്യാടൻ ഷൗക്കത്തല്ല, നിലമ്പൂരിൽ വിഎസ് ജോയിയാണ് മികച്ച സ്ഥാനാർത്ഥിയെന്ന അൻവറിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറികൾ ഉടലെടുത്തിരുന്നു. കോൺഗ്രസിന്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുമ്പോഴും അൻവറിന് പല ഗൂഢലക്ഷ്യങ്ങളും ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ അൻവറിനോട് മൃദുസമീപനം തുടരുന്ന കെ സുധാകരനും രമേശ് ചെന്നിത്തലയും അതൊരു വലിയ പ്രശ്നമായി കണ്ടിരുന്നില്ല.
നിലമ്പൂരിലെ സ്ഥാനാർഥിത്വം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു. നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമയതിനാൽ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണെന്നും അതുകൊണ്ടു തന്നെ അതനുസരിച്ച് മുന്നോട്ടുപോകുമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.