കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അണലി കുഞ്ഞിനെ കണ്ടെത്തിയത് ആശങ്കയുണർത്തി. ഇന്ന് രാവിലെയാണ് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പാമ്പ് പെട്ടത്.
കാഷ്വാലിറ്റി വിഭാഗത്തിലെ പടിക്കെട്ടിന് താഴെയുള്ള ചെറിയ ദ്വാരത്തിൽ ഒളിച്ചിരുന്ന നിലയിലായിരുന്നു അണലി കുഞ്ഞ്. പാമ്പിനെ കണ്ട ഉടൻ തന്നെ ജീവനക്കാർ സുരക്ഷാ മുൻകരുതലായി പഞ്ഞി ഉപയോഗിച്ച് ദ്വാരം അടയ്ക്കുകയും വനംവകുപ്പിന്റെ പരുത്തിപ്പള്ളി റാപ്പിഡ് റെസ്പോൺസ് സംഘത്തെ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് സ്ഥലത്തെത്തിയ റാപ്പിഡ് റെസ്പോൺസ് സംഘം അംഗം റോഷിനി വിദഗ്ധമായി അണലി കുഞ്ഞിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആശുപത്രി പരിസരത്ത് കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന സംശയത്തെ തുടർന്ന് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അണലിയുടെ കുഞ്ഞുങ്ങൾ സമീപത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് പ്രത്യേക ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
English Summary
A baby viper was found hiding inside the casualty section of Vithura Taluk Hospital in Thiruvananthapuram. The forest department’s rapid response team safely captured and relocated the snake, while further inspections are underway.
വിതുര, താലൂക്ക് ആശുപത്രി, അണലി, പാമ്പ്, വനംവകുപ്പ്, തിരുവനന്തപുരം, ആർആർടി









