ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയര്‍ന്നു. അത്യാസന്ന നിലയിലായിരുന്ന 56 പേരില്‍ ആറ് പേര്‍ കൂടി മരണത്തിന് കീഴടങ്ങി. അതിനിടെ ട്രെയിന്‍ ദുരന്തത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. അപകടം നടന്ന ബലോസറിലെ സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുള്ള നടപടിക്ക് നിര്‍ദേശിക്കണണെമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഉറ്റവരുടെ മൃതദേഹങ്ങള്‍ തേടി എത്തുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബലോസറിലെ നോസിയിലെ കണ്‍വന്‍ഷന്‍ സെന്റര്‍ സാക്ഷിയാകുന്നത്. പരമിതമായ സൗകര്യങ്ങളില്‍ മൃതദേഹങ്ങള്‍ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്. 200 ലധികം മൃതദേഹങ്ങള്‍ പല ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയുള്ളവരെ സഹായിക്കാന്‍ നിരവധി സംഘടനകളാണ് ബാലോസറിലെ ആശുപത്രികളില്‍ എത്തുന്നത്. കാണാതായവരെ കണ്ടെത്താന്‍ ബന്ധുക്കളെ സഹായിക്കാനും സംഘടനകള്‍ രംഗത്ത് ഉണ്ട്.
തീവണ്ടി ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എന്നീ വെബ്‌സൈറ്റുകളില്‍ വിവരം ലഭ്യമാണ്. മരിച്ചവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. തിരിച്ചറിയല്‍ ആവശ്യത്തിന് വേണ്ടി മാത്രമാണിതെന്നും മറ്റെവിടെയും പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.